img

വർക്കല: വർക്കല മേഖലയിൽ മരങ്ങൾ വീണ് വ്യാപകമായ നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനുകളിലേക്ക് മരം വീണതിനെ തുടർന്ന് നഗരം ഇരുട്ടിലായി. സമീപ ഗ്രാമപഞ്ചായത്തുകളിലും സമാനസ്ഥിതിയാണുണ്ടായത്. മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗത തടസവുമുണ്ടായി. വർക്കല മേഖലയിൽ 30 ഇടങ്ങളിലാണ് വൈദ്യുതി ലൈനുകളിൽ മരം വീണത്. 8 സ്ഥലങ്ങളിൽ പോസ്റ്റുകൾ ഒടിഞ്ഞുവീണു. 50 സ്ഥലങ്ങലിൽ ലൈൻകമ്പി പൊട്ടിവീണു. ബുധനാഴ്ച സന്ധ്യയോടെ തകരാറിലാായ വൈദ്യുതി ബന്ധം ഇന്നലെ വൈകിട്ടോടെയാണ് പൂർണമായി പുനഃസ്ഥാപിക്കാനായത്. വട്ടപ്ലാംമൂട് ഐടിഐയ്ക്ക് സമീപം വീടിനുമുകളിൽ തെങ്ങ് വീണ് വീട് പൂർണമായി തകർന്നു. വർക്കല കുരയ്ക്കണ്ണി ബോർണിയോമുക്ക് ശോഭ ഭവനിൽ ശിവൻപിളളയുടെ വീടിനുമുകളിൽ തെങ്ങ് വീണ് ഓടിട്ടവീടിന്റെ മേൽക്കൂര തകർന്നു. പാപനാശം റോഡിലെ അക്ഷയബീച്ച് റിസോർട്ടിന്റെ കരിങ്കൽഭിത്തി തകർന്നു. പുത്തൻചന്ത രഘുനാഥപുരം റോഡ്, മുണ്ടയിൽറോഡ്, ചെറുന്നിയൂർ താന്നിമൂട് ഗുരുമന്ദിരം റോഡ്, ശിവഗിരി റോഡ് എന്നിവിടങ്ങളിലും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. പുലിയൂർകോണം മണലിവട്ടം ജസീലമൻസിലിൽ ലൈലയുടെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ മറിഞ്ഞുവീണു. കുടവൂർ എൻ.എസ്.വില്ലയിൽ സജീനബീവിയുടെ വീടിനു മുകളിൽ മരംവീണ് നാശനഷ്ടമുണ്ടായി. വർക്കല തീരമേഖലയിൽ കടൽക്ഷോഭവും രൂക്ഷമായിട്ടുണ്ട്.