വർക്കല: പാരമ്പര്യത്തനിമ ചോർന്നുപോയ ഇടവ ഗ്രാമപഞ്ചായത്തിലെ മേക്കുളം പ്രദേശം വീണ്ടെടുക്കാനാവാത്ത വിധം ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയിലാണ്. സ്വകാര്യ വ്യക്തികളുടെ അശാസ്ത്രീയമായ ഭൂവിനിയോഗമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. വേനലിൽ കടുത്ത കുടിവെളളക്ഷാമം നേരിടുന്ന ഈ മേഖലയിൽ മൺസൂണിൽ മഴവെളളക്കെട്ടും പതിവാണ്. ഗ്രാമപഞ്ചായത്തിന്റെ റോഡും ഇടറോഡുകളും ഇതുവഴി നീളുന്നത് യാതൊരുവിധ തത്വദിക്ഷയും പുലർത്താതെയാണെന്നതാണ് മറ്റൊരു വസ്തുത. ഇതോടെ മേഖലയിലെ വയലുകൾ ഉൾപ്പെടെ ലതക്കുളങ്ങളും തണ്ണീർതടങ്ങളും പൊതുകുളങ്ങളും കൊണ്ട് ജലസമൃദ്ധമായിരുന്ന ഇടവ മേക്കുളത്തെ കാർഷിക സംസ്കാരം നിലവിൽ കാലഹരണപ്പെട്ട് വരികയാണ്. നെൽകൃഷി നാമാവശേഷമായെങ്കിലും ഏലായിലെ തലക്കുളം ഇന്നും ജലസമൃദ്ധമാണ്. പായൽമൂടി മലീമസമായ നിലയിൽ തുടരുന്ന മേക്കുളത്തെ കാലോചിതമായി നവീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ നവകേരളമിഷൻ പദ്ധതിയിലും പഴുതില്ലത്രെ. കുളത്തോടനുബന്ധിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ജലവിതരണം മുന്നിൽകണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച പമ്പ് ഹൗസും നോക്കുകുത്തിയാണ്. മേക്കുളം പ്രദേശത്തെ വയലുകൾ, തണ്ണീർതടങ്ങൾ, തലക്കുളങ്ങൾ എന്നിവ സംരക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സമിതികൾക്കോ ജനപ്രതിനിധികൾക്കോ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കോ കഴിയാതെ പോകുന്നതിൽ പൊതു സമൂഹത്തിന് കടുത്ത അമർഷവുമുണ്ട്.
പാരിസ്ഥിതിക ഭീഷണിയിൽ തണ്ണീർത്തടങ്ങൾ
അനധികൃത ഉപയോഗം കൃഷിയുടെ താളം തെറ്റിച്ചു
വയലുകളും തണ്ണീർത്തടങ്ങളും പൊതുകുളങ്ങളും നാശത്തിലേക്ക്
വരൾച്ചയും വെള്ളക്കെട്ടും നേരിട്ട് ജനജീവിതം
1980കളിൽ............... കട്ടച്ചൂളകളുടെ കടന്നുവരവ് ആവശേഷിച്ച കൃഷിക്ക് ഭീഷണിയായി. ഓരുവശത്ത് വയൽ നികത്തലും മറുവശത്ത് കുഴിമണ്ണെടുപ്പും സജീവമായി.
1999കളിൽ........... പാരിസ്ഥിതിക പ്രശ്നം മുൻനിറുത്തി ആർ.ഡി.ഒ യുടെ പ്രത്യേക ഉത്തരവിൽ ഇഷ്ടിക ചൂളകളുടെ പ്രവർത്തനം മരവിപ്പിച്ചു
2000 ഓടെ ..........മേക്കുളം പ്രദേശത്തെ ഏലാകളുടെ നടവരമ്പുകൾ പലതും ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന റോഡുകളായി പരിണമിച്ചു
പാഴ്ഭൂമിയായി നൂറുമേനി പാടങ്ങൾ
ഒരുകാലത്ത് ഇടവ - ചന്ദ്രനെല്ലൂർ - മേക്കുളം ഏലായിൽ നൂറ്മേനി വിളയുന്ന നെൽപ്പാടങ്ങൾ സജീവമായിരുന്നു. മേക്കുളത്തെ ചുറ്റിപ്പറ്റി നിലനിന്നു പോന്ന 'ഉരിയ ആയിരപ്പറ കണ്ടം" ഗ്രാമീണ കർഷകരുടെ കൂട്ടായ്മയുടെയും ആർജ്ജവത്തിന്റെയും പ്രത്യക്ഷ ഉദാഹരണമായിരുന്നു. ആയിരപ്പറയ്ക്ക് ഉരിയ അരിയുടെ കുറവ് എന്ന അർത്ഥത്തിലാണ് ഏലായ്ക്ക് അത്തരം ഒരു നാമകരണം ഉണ്ടായത്. എന്നാൽ വിളനഷ്ടവും തൊഴിലിനോടുളള അഭിരുചി ഇല്ലായ്മയും മൂലം പുതിയ തലമുറ കാർഷികവൃത്തിയിൽ നിന്നും പിൻവാങ്ങിയതോടെ വയലുകൾ വ്യാപകമായി നികത്തി ഇടവിള കൃഷിക്കും ഭവനനിർമ്മാണത്തിനും മറ്റുമായി ദുരുപയോഗം ചെയ്തു തുടങ്ങി. പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കാതെ കാർഷിക - കാർഷികേതര ആവശ്യങ്ങൾക്കായി വയലും തണ്ണീർതടങ്ങളും നികത്തുന്ന പ്രവണതയും ഭൂവിസ്തൃതിയെ വിവിധ ആവശ്യങ്ങൾക്കായി സബ്ബ്ഡിവിഷൻ ചെയ്യുന്നതും പ്രദേശത്ത് പതിവായി മാറി.
പ്രതികരണം
ഇടവ ഗ്രാമപഞ്ചായത്തിലെ നാശോന്മുഖമായ തണ്ണീർതടങ്ങളും പരമ്പരാഗത ജലസ്രോതസുകളും തലക്കുളങ്ങളും സംരക്ഷിക്കുന്നതിനുളള നടപടികൾ അടിയന്തരമായി സ്വീകരിക്കും.
സുനിത എസ്. ബാബു, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്