sriram-

തിരുവനന്തപുരം: മദ്യപിച്ച് ലക്കു കെട്ട് അമിതവേഗത്തിൽ ഒാടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരണമടഞ്ഞ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെടാൻ ഡോക്ടർമാരുടെ സഹായത്തോടെ പുതിയ കള്ളക്കഥ മെനയുന്നു.

കാറിടിച്ച ശേഷം ശ്രീറാമിന് അപൂർവമായ മറവി രോഗം ബാധിച്ചെന്നാണ് ശ്രീറാം ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണമായും ഓർത്തെടുക്കാനാകാത്ത റെട്രോഗ്രേഡ് അംനേഷ്യയാണ് ശ്രീറാമിനെ ബാധിച്ചത്. വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിത്. സംഭവത്തെക്കുറിച്ച് എന്നെന്നേക്കുമായി മറന്നുപോവാനോ, സമ്മർദ്ദം ഒഴിയുമ്പോൾ സാവധാനം ഓർത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. എന്നാൽ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ തന്ത്രമാണിതെന്ന് ആക്ഷേപമുണ്ട്.

അപകടത്തിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫയ്ക്ക് യാതൊരു പരിക്കുമില്ല. ഇരുവരും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നു. അപകടമുണ്ടായപ്പോൾ എയർബാഗിന്റെ സംരക്ഷണം ലഭിച്ചിട്ടുമുണ്ട്. അപകടത്തിനു ശേഷം ബഷീറിനെ താങ്ങിയെടുത്ത് റോഡിലെത്തിച്ചതും വഴിയാത്രക്കാരോട് സഹായം അഭ്യർത്ഥിച്ചതും ശ്രീറാമായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടറെ കബളിപ്പിച്ച് സ്വകാര്യാശുപത്രിയിലേക്ക് കടന്നു കളയുകയും ചെയ്തു. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ രക്തപരിശോധനയ്ക്കും വിരലടയാളമെടുക്കാനും ശ്രീറാം വിസമ്മതിച്ചതും ഇതേസമയം തന്നെ കോടതിയിൽ നിന്ന് ജാമ്യത്തിന് വക്കാലത്ത് ഒപ്പിട്ടു നൽകിയതും പൂർണ ബോധത്തോടെയായിരുന്നു. മറവി രോഗമുണ്ടായാൽ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ജോലിക്ക് ശ്രീറാം അയോഗ്യനാവാം. ഇതൊഴിവാക്കാനാണ് മറവി രോഗം താത്കാലികമാണെന്ന് പറയുന്നത്. ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് തുടക്കം മുതൽ ഡോക്ടർമാരെക്കൊണ്ട് പറയിച്ചത് ഈ കള്ളക്കളിക്കാണ്. മെഡിക്കൽ ബോർഡിലുള്ള ശ്രീറാമിന്റെ സുഹൃത്തായ ഡോക്ടറാണ് മറവിരോഗമെന്ന കള്ളക്കളിക്ക് പിന്നിലെന്നാണ് ആക്ഷേപം.

അതിനിടെ, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജറി ഐ.സി.യുവിലായിരുന്ന ശ്രീറാമിനെ ഇന്നലെ വൈകിട്ട് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ ഐ.സി.യുവിന് സമീപത്തെ മുറിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയകൾക്ക് ശേഷം അണുബാധയേൽക്കാതെ രോഗികളെ കിടത്തുന്ന ഈ ബ്ലോക്കിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. നിരവധി കാമറകളുടെ നിരീക്ഷണത്തിലുമാണ് ഈ ബ്ലോക്ക്. പുറമെ നിന്നുള്ളവർക്ക് പാസെടുത്ത് കയറാനാവില്ല. പ്രത്യേക പരിചരണം ആവശ്യമായവരെ കിടത്തുന്ന വിഭാഗമാണിത്.