ശിവഗിരി മഠം കൂടുതൽ സാമാന്യ ജനമനസുകളിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി വിവാഹിതരാകാൻ പോവുന്ന വ്യക്തികൾക്കുള്ള ബോധവത്കരണ ക്യാമ്പ് നടത്തുകയുണ്ടായി. അത് ആറുമാസത്തിൽ ഒരിക്കൽ എന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. അതിനെക്കുറിച്ച് ഒരു ലേഖനം കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. അപ്പോൾ ധാരാളം മാതാപിതാക്കൾ പറഞ്ഞു ആദ്യം ഇൗ ബോധവത്കരണം ഞങ്ങൾക്കാണ് വേണ്ടത്. 'ഞങ്ങൾ പെട്ടിരിക്കുകയാണ് എന്ന് 'ശരിയാണ് ചിന്തിക്കുന്നവർക്ക് മാത്രമേ നാം കടന്നുപോകുന്ന മാനസികാവസ്ഥയുടെ അപകടം മനസിലാകൂ.
ഇങ്ങനെ ഒരപകടം വരാതിരിക്കാനാണ് ദീനാവനപരായണനായ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മത്തിലെ ഗൃഹസ്ഥാശ്രമ ധർമ്മത്തിൽ മാതാപിതാക്കൾ എങ്ങനെയായിരിക്കണം ജീവിക്കേണ്ടതെന്നും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ എങ്ങനെ സംസ്കാര സമ്പന്നരായി മിടുക്കൻമാരായി വളർത്താമെന്നും ഉപദേശിക്കുന്നത്. അത് വേണ്ടവിധം ഗുരുഭക്തരും കേരള സമൂഹവും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നില്ലെന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് ശ്രമിക്കുന്നത്. ശിവഗിരി മഠത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നുപറയുന്നത് ഗുരു വിഭാവനം ചെയ്ത സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം കെട്ടിപ്പടുക്കുക എന്നുള്ളതാണ്. അതിന് നമുക്ക് വേണ്ടത് വളർന്നുവരുന്ന തലമുറയെ ശരിയായ ദിശാബോധത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ്.
ഇന്ന് നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത് കുട്ടികളെ വളരെ കഷ്ടപ്പെട്ട് ഇല്ലാത്ത പണം ഉണ്ടാക്കി പഠിപ്പിച്ച് ഒരു ജോലി സമ്പാദിച്ച് കൊടുക്കുകയും അതിനുശേഷം വിവാഹം കഴിപ്പിക്കാൻ പ്രേരിപ്പിക്കുകയും വിവാഹം കഴിപ്പിക്കുകയുമാണ്. എന്നാൽ വിവാഹത്തിനുശേഷം എങ്ങനെ നന്നായി അവർ ജീവിക്കണമെന്ന് മാതാപിതാക്കൾ പഠിപ്പിക്കുന്നില്ല. കാരണം അവർക്ക് അത് അറിയില്ല. ഇൗ കപട സംസ്കാരത്തിൽ നിന്ന് നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും മോചനം വേണ്ടേ? അപ്പോൾ ആദ്യം കുഞ്ഞുങ്ങൾക്ക് മാതൃകയാകേണ്ടത് മാതാപിതാക്കളല്ലേ? നമ്മൾ ഇതിന് തയ്യാറാണോ?
ഭാര്യാ ഭർതൃബന്ധത്തിലെ താളപ്പിഴകൾ
പലപ്പോഴും ഭാര്യാഭർതൃബന്ധത്തിൽ ഒരു ഉൗഷ്‌മളത അഥവാ ഒരു താളം ഇല്ലാതെ പോകുന്ന കാഴ്ച നാം കാണുന്നുണ്ട്. ഇൗ താളപ്പിഴകൾ കൂടുതൽ ബാധിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങൾക്കാണ് എന്ന് ഭൂരിഭാഗം മാതാപിതാക്കളും മനസിലാക്കുന്നില്ല. പരസ്പരം ധാരണയോ മനസിലാക്കലോ നടക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്. രണ്ടും രണ്ട് വ്യക്തിത്വങ്ങളാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. വളരെ പുരോഗമനവാദിയായ പ്രൊഫസറായ ഒരു ഭർത്താവ് ഭാര്യയെ ഒരടിമയെപ്പോലെ കൊണ്ടുനടക്കുന്നത് ഒരിക്കൽ ശ്രദ്ധയിൽപ്പെടുകയുണ്ടായി. പുരോഗമന വാദിയും പ്രൊഫസറും ആയിരുന്നിട്ടും തന്റെ ഭാര്യയുടെ സ്വാതന്ത്ര്യത്തെയോ അയാളുടെ ഇഷ്ടാനിഷ്ടങ്ങളെയോ പരിഗണിക്കാൻ ഇയാൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ അയാളുടെ ചിന്തകൾക്കും മറ്റും എന്ത് പ്രസക്തിയാണുള്ളത്. തീർച്ചയായും രണ്ടുപേരും തങ്ങളുടെ സ്വഭാവത്തെക്കുറിച്ച്, ഇഷ്ടങ്ങളെക്കുറിച്ച്, ചിന്തകളെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്, സമൂഹത്തിന്റെ പോക്കിനെക്കുറിച്ച് എല്ലാം തുറന്ന് സംസാരിക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുമ്പോഴാണ് താളലയത്തോടെയുള്ള ഒരു ജീവിതം നയിക്കാൻ സാധിക്കുന്നത്. ഇൗ താളലയം തങ്ങളുടെ സന്താനങ്ങൾ കണ്ടുപഠിക്കുകയും സ്വാംശീകരിക്കുകയും ചെയ്യും.
അങ്ങനെ മാതാപിതാക്കൾ മാതൃകയായി മാറുവാൻ സാധിക്കും. കുടുംബബന്ധങ്ങൾ ആഴത്തിലുള്ളതും ഹൃദയസ്പർശിയുമായി മാറും. സാങ്കല്പികലോകത്തിൽ ജീവിക്കാതെ യാഥാർത്ഥ്യലോകത്ത് ജീവിക്കാൻ നമുക്ക് സാധിക്കണം. ടെൻഷൻ കൂടുമ്പോൾ കൂട്ടുകൂടി മദ്യപിക്കുകയോ ലഹരിക്ക് അടിമപ്പെടുകയോ അല്ല വേണ്ടത് എന്ന തിരിച്ചറിവ് ശിവഗിരി മഠത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിലൂടെ മനശാസ്ത്രജ്ഞരുടെയും ഗുരുദേവ കൃതികളിലൂടെയും യോഗ ധ്യാന പ്രാണായാമങ്ങളിലൂടെയും പകർന്ന് കൊടുക്കാൻ വേണ്ടിയാണ് മാതാപിതാക്കൾക്ക് വേണ്ടി ക്ളാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
പഞ്ചശുദ്ധിയും പഞ്ച മഹായജ്ഞവും
ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മമെന്ന ഗ്രന്ഥത്തിൽ ഒരു ഗൃഹസ്ഥാശ്രമി അഥവാ ഭാര്യാഭർത്താക്കൻമാർ അനുഷ്ഠിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായ പഞ്ചശുദ്ധിയെയും മഞ്ചമഹായജ്ഞത്തെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാരണം ഒരു വ്യക്തിയുടെ സംസ്കാരം രൂപപ്പെടുന്നത് ഗൃഹസ്ഥാശ്രമത്തിൽ വച്ചാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സംസ്കാരത്തിൽ പഞ്ചശുദ്ധിക്ക് വലിയ പ്രാധാന്യമാണുള്ളത്. അതിനെ പാകപ്പെടുത്തേണ്ടതും പ്രായോഗിക തലത്തിൽ ശാസ്ത്രീയമായി നടപ്പിലാക്കേണ്ടതും ആത്യന്തികമായി വ്യക്തികളാണ്. ഇതിനെക്കുറിച്ച് വ്യക്തമായും ശാസ്ത്രീയമായും അവബോധം സൃഷ്ടിക്കുന്ന ക്ളാസുകളാണ് മഠത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
സാമ്പത്തികം
ഒരു കുടുംബത്തിനെ സമതുലിതാവസ്ഥയിൽ ചലിപ്പിക്കാൻ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പണം അഥവാ സമ്പത്ത്. എത്ര ലഭിച്ചാലും മതി വരാത്ത തൃപ്തി വരാത്ത ഒന്നായി പണം മാറിയിരിക്കുന്നു. ഇന്ന് തുടങ്ങിയ പ്രക്രിയ അല്ല ഇത്. ആയിരത്താണ്ടുകളായി മനുഷ്യനെ മയക്കുന്ന അവന്റെ സ്ഥിരത നഷ്ടപ്പെടുത്തുന്ന അവന്റെ ശാന്തിയെ അശാന്തിയാക്കുന്ന ഒന്നാണ് സമ്പത്ത്.
അതുകൊണ്ട് കുടുംബത്തിലെ നെടുംതൂണുകളായ ഭാര്യാഭർത്താക്കന്മാർക്ക് വേണ്ടുന്ന, ഒഴിച്ചുകൂടാൻ പറ്റാത്ത അറിവുകളെ കോർത്തിണക്കിക്കൊണ്ട് രണ്ടുദിവസത്തെ ക്യാമ്പ് ശിവഗിരി മഠത്തിൽ സംഘടിപ്പിച്ചിരിക്കുന്നത് . ഇതിൽ കുടുംബ മനഃശാസ്ത്രവും കുട്ടികളുടെ മനഃശാസ്ത്രവും (മൈൻഡ് ഫുൾനസ്) മനുഷ്യന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥയ്ക്ക് യോഗയും പ്രാണയാമവും ധ്യാനവും സാമ്പത്തിക ഭദ്രതയ്ക്ക് സാമ്പത്തിക ശാസ്ത്രവും ശ്രീനാരായണ ധർമ്മത്തിലെ ഗൃഹസ്ഥാശ്രമ ധർമ്മവും ഗുരുദേവ കൃതികളും ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആണ് ക്ളാസുകൾ ഉള്ളത്. ഇൗ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്. താത്പര്യമുള്ള ജാതി മതവർണ ഭേദമെന്യേ ആർക്കും ഇൗ സദുദ്യമത്തിലേക്ക് സ്വാഗതം. ശിവഗിരി മഠത്തിൽ നേരത്തേ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
(ശിവഗിരിമഠം ജനറൽ സെക്രട്ടറിയാണ് ലേഖകൻ)