തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയിൽ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളിൽ അനന്തസാദ്ധ്യതകൾക്ക് വഴിതുറക്കുന്ന സ്പേസ് പാർക്ക് പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ സംസ്ഥാന സർക്കാരും വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും (വി.എസ്.എസ്.സി) യും ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ഇലക്ട്രോണിക്സ്- ഐ.ടി സെക്രട്ടറി എം.ശിവശങ്കറും വി.എസ്.എസ്.സി ഡയറക്ടർ സോമനാഥുമാണ് ധാരണാപത്രം ഒപ്പിട്ടത്. സർക്കാരും വി.എസ്.എസ്.സിയും ഒരുമിച്ചു പ്രവർത്തിച്ചാൽ അന്താരാഷ്ട്രതലത്തിൽവരെ നേട്ടം ലഭ്യമാക്കുന്ന പദ്ധതിയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഐ.സി.ടി അക്കാദമിയുടെ സി.ഇ.ഒ സന്തോഷ് കുറുപ്പിനെ സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
ബഹിരാകാശ ഗവേഷണത്തിലെ നൂതനമായ ഉത്പാദന മേഖല ഏറെ അവസരങ്ങൾ നൽകുന്നതാണെന്നും കേരളത്തിൽ ഇതിന് അനുയോജ്യമായ തൊഴിൽ ശക്തിയുണ്ടെന്നും വി.എസ്.എസ്.സി ഡയറക്ടർ പറഞ്ഞു. ചീഫ്സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് ഡോ.എം.സി ദത്തൻ, ഐ.ടി മിഷൻ ഡയറക്ടർ ഡോ.ചിത്ര, ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള ഐ.ഐ.എസ്.യു ഡയറക്ടർ ഡോ. ഡി.സാം ദയാൽ ദേവ്, എൽ.പി.എസ്.സി ഡയറക്ടർ ഡോ. നാരായണൻ, സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ്, കേരള ഐ.ടി പാർക്ക് സി.ഇ.ഒ ഹൃഷികേശ് നായർ തുടങ്ങിയവർ പങ്കെടുത്തു.
പാർക്ക് ഇങ്ങനെ
എവിടെ?: പള്ളിപ്പുറം ടെക്നോസിറ്റിയിലെ നോളജ് സിറ്റി
എന്തൊക്കെ?: സ്റ്റാർട്ടപ് ഇൻകുബേറ്ററുകൾ, നൈപുണ്യ പരിശീലന സംവിധാനം, സ്പേസ് ടെക്നോളജി ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ഇക്കോ സിസ്റ്റം, ഉത്പാദന യൂണിറ്റുകൾ, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം നിർമ്മിക്കുന്ന സ്പേസ് മ്യൂസിയം തുടങ്ങിയവ
ഘടന: 1, സ്പേസ് ടെക്നോളജി ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ഇക്കോസിസ്റ്റം (സ്റ്റെയ്ഡ്),
2, നാനോ സ്പേസ് പാർക്ക്
ചുമതല: സംസ്ഥാന ഇലക്ട്രോണിക്സ് - ഐ.ടി വകുപ്പ്