തിരുവനന്തപുരം: ശ്രീറാമിന്റെ ആരോഗ്യനിലയിൽ മാറ്റം വന്നിട്ടുണ്ടെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ നടത്തിയ
വിശദ പരിശോധനയിൽ വ്യക്തമായതായി മെഡിക്കൽകോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.
ശ്രീറാമിന്റെ ഇടതുകൈയ്യുടെ മണിബന്ധത്തിന് (റിസ്റ്റ്) പരിക്കുണ്ടായിരുന്നു. ഓർത്തോവിഭാഗം നടത്തിയ എം ആർ ഐ പരിശോധനയിൽ ലിഗമെന്റിന് സാരമായ പരിക്കുണ്ടെന്ന് കണ്ടെത്തി. ചികിത്സ തുടരാൻ നിർദേശം നൽകി. വയറിന് അസ്വസ്ഥതയുണ്ടായിരുന്നെങ്കിലും ജനറൽ സർജറി വിഭാഗം നടത്തിയ സി.ടി സ്കാൻ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. കഴുത്തിലെയും കൈയ്യിലെയും വേദന ഇപ്പോഴുമുണ്ട്. നട്ടെല്ലിന്റെ ഡിസ്കിനുണ്ടായ നേരിയ സ്ഥാനമാറ്റം മൂലം സുഷുമ്നാനാഡിയ്ക്ക് സമ്മർദ്ദമുണ്ടെന്ന് എം ആർ ഐ, സി.ടി പരിശോധനയിലും വ്യക്തമായി. അതിനാൽ ചികിത്സ തുടരാൻ ന്യൂറോസർജറിവിഭാഗവും നിർദേശിച്ചു. മൂന്നാഴ്ചത്തെ ചികിത്സയ്ക്കുശേഷം ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്താമെന്നാണ് തീരുമാനം.
ശ്രീറാമിനുണ്ടായിരുന്ന പോസ്റ്റ് കൺഗഷൻ സിൻഡ്രോമിൽ റെട്രോഗേഡ് അംനീഷ്യ ഒഴികെ തലവേദന,ഓക്കാനം, ഛർദി എന്നിവയ്ക്ക് ശമനമുണ്ടായതിനാലാണ് അദ്ദേഹത്തെ ഐ സി യു വിൽ നിന്നും മാറ്റുന്നത്.റെട്രോഗേഡ് അംനീഷ്യയ്ക്ക് കാലക്രമേണ മാറ്റമുണ്ടാകും. അതിനുള്ള ചികിത്സ തുടരുന്നു. മാനസികരോഗവിഭാഗം പരിശോധന നടത്തി മാനസികസംഘർഷം കുറയ്ക്കാനുള്ള മരുന്ന് തുടരാനും നിർദേശിച്ചിട്ടുണ്ട്. ജനറൽസർജറി വിഭാഗം മേധാവി ഡോ അബ്ദുൾ ലത്തീഫ്, ന്യൂറോസർജറി വിഭാഗം മേധാവി ഡോ അനിൽ പീതാംബരൻ, ഓർത്തോവിഭാഗം പ്രൊഫ. ഡോ അരുൺ, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സുനിൽകുമാർ, ആർ എം ഒ ഡോ മോഹൻ റോയ് (സൈക്യാട്രി വിഭാഗം), റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി ഡോ ജോൺ എന്നിവരാണ് ശ്രീറാമിനെ പരിശോധിച്ചത്.