നോട്ടീസിൽ പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ രണ്ടാം റാങ്കുകാരൻ പ്രണവും
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ 11 പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
പി.എസ്.സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ രണ്ടാം റാങ്കുകാരൻ പ്രണവ്, നസീം, രഞ്ജിത്ത് ഭാസ്‌കർ, മുഹമ്മദ് ഇബ്രാഹിം, നന്ദകിഷോർ, നിധിൻ, ഹൈദർ ഷാനവാസ്, അരുൺകുമാർ, മുഹമ്മദ് അസ്‌ലം. ഹരീഷ് അമർ, മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ ചിത്രങ്ങൾ സഹിതമാണ് കന്റോൺമെന്റ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നോട്ടീസ് പ്രധാന സ്ഥലങ്ങളിൽ പതിക്കും. എല്ലാ സ്റ്റേഷനുകളിലും വിവരം കൈമാറും. കേസിലെ 17ാം പ്രതിയായ പ്രണവിനെ പി.എസ്.സി പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിളിച്ച വരുത്തി ചോദ്യം ചെയ്തിരുന്നു.
ലുക്കൗട്ട് നോട്ടീസിലുൾപ്പെട്ടവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ല. അഖിലിന് കുത്തേൽക്കുമ്പോൾ ഇവർ സംഘർഷ സ്ഥലത്തുണ്ടായിരുന്നു. പിന്നീട് സംഘം ചേർന്ന് പ്രതികൾ സ്റ്റുഡൻസ് സെന്ററിലേക്കും യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്കും മാറി. എന്നാൽ, അവിടങ്ങളിൽ പൊലീസ് റെയ്ഡ് നടത്താൻ തയ്യാറായിരുന്നില്ല. പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു.