നെടുമങ്ങാട്: സർഫാസി നിയമം പ്രയോഗിക്കുന്നത് നിറുത്തണമെന്നും വായ്പക്കാരായ കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടരുതെന്നും ആവശ്യപ്പെട്ട് കേരള കർഷകസംഘം നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരും നടപടിക്ക് ഇരകളായവരും നെടുമങ്ങാട് അർബൻ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. സർഫാസി നിയമം ഉപയോഗിച്ച് സഹകരണ ബാങ്കുകൾ കർഷകരെ കുടിയൊഴിപ്പിക്കുകയോ ജപ്തി നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നുള്ള സർക്കാരിന്റെ നിർദ്ദേശം ലംഘിച്ച് നെടുമങ്ങാട് അർബൻ ബാങ്കിൽ നിന്നും വായ്പയെടുത്ത 137 പേർക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെയാണ് പ്രതിഷേധം. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി ആർ.മധു, പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ ,പി.ഹരികേശൻ നായർ, ഗീതാകുമാരി, ടി.ആർ.സുരേഷ്കുമാർ, കെ.രാജേന്ദ്രൻ, കെ.റഹിം, എം.ശ്രീകേഷ്, ഷൈജു, വേങ്കവിള സുരേഷ് എന്നിവർ സംസാരിച്ചു.