flood

തിരുവനന്തപുരം:ശക്തമായ മഴയിലും കാറ്റിലും പാളത്തിലേക്ക് മരങ്ങൾ വീണ് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും മണിക്കൂറുകൾ വൈകി. ചാലക്കുടിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയിലും കോഴിക്കോട് രണ്ടാം ഗേറ്റിനും നാലാം ഗേറ്റിനും ഇടയിലും പാളത്തിൽ മരം വീണു. കൊല്ലം ശാസ്താംകോട്ടയിലും പാളത്തിൽ മരം വീണു.
ഇന്നലെ കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട കൊച്ചുവേളി - മുംബൈ എക്സ്‌പ്രസ് ഏഴു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. ഏറനാട് എക്സ്‌പ്രസ് അഞ്ചര മണിക്കൂറും തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്‌പ്രസും ജനശതാബ്ദി എക്സ്‌പ്രസും മൂന്നര മണിക്കൂറും വൈകി. തിരുവനന്തപുരം - കോർബ സൂപ്പർഫാസ്റ്റും പരശുറാം എക്സപ്രസും മൂന്നു മണിക്കൂറും വൈകി. ഹൈദരാബാദിലേക്കുള്ള ശബരി എക്സ്‌പ്രസ് രണ്ടേമുക്കാൽ മണിക്കൂറും മുംബയിലേക്കുള്ള ജയന്തി - ജനത ഒരു മണിക്കൂറും തിരുവനന്തപുരത്ത് നിന്നുള്ള നേത്രാവതി ഒന്നര മണിക്കൂറും വൈകി. തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്‌പ്രസ് രണ്ടു മണിക്കൂറും ഐലൻഡ് എക്സ്‌പ്രസ് ഒന്നര മണിക്കൂറും വൈകി.

മാവേലി പത്തുമണിക്കൂർ വൈകി

ബുധനാഴ്ച രാത്രി ചിറയിൻകീഴിൽ പാളത്തിനു മുകളിലെ ഹൈടെൻഷൻ ലൈനിലേക്ക് മരംവീണ് യാത്ര മുടങ്ങിയ മാവേലി എക്സ്‌പ്രസ് മംഗലാപുരത്ത് യാത്ര അവസാനിപ്പിച്ചത് പത്തുമണിക്കൂർ വൈകി ഇന്നലെ വൈകിട്ട് ഏഴിനാണ്. രാവിലെ ഒമ്പതിന് എത്തേണ്ടതാണിത്. ട്രെയിനുമായി വൈദ്യുതി ബന്ധം സ്ഥാപിക്കുന്ന പാന്റോഗ്രാഫ് മരച്ചില്ലയിൽ തട്ടി തകർന്നതു കാരണം കൊല്ലത്തു നിന്ന് മറ്റൊരു എൻജിൻ എത്തിച്ച് പുലർച്ചെ രണ്ടു മണിക്കാണ് മാവേലി ചിറയിൻകീഴിൽനിന്ന് യാത്ര പുനരാരംഭിച്ചത്. ഇതിനു പിന്നാലെയുള്ള മലബാർ എക്സ്‌പ്രസ് നാലു മണിക്കൂറും അമൃത എക്സ‌്പ്രസ് അഞ്ചു മണിക്കൂറും രാജ്യറാണി എക്സ‌്പ്രസ് എട്ടു മണിക്കൂറും വൈകി.
കൂടുതൽ പ്രശ്നങ്ങളുണ്ടായില്ലെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ റെയിൽ ഗതാഗതം പൂർവ്വസ്ഥിതിയിലാകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.