വിഴിഞ്ഞം: വെള്ളായണി കായൽ അടക്കമുള്ള ജലാശയങ്ങളെ ശുചീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും നെതർലാൻഡിൽ നിന്നും ആധുനിക യന്ത്രസംവിധാനം വാങ്ങുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. വിഷയം സംബന്ധിച്ച് ഉന്നതതല യോഗം വിളിക്കുമെന്നും അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വെള്ളായണി കായൽ തീരത്ത് സ്വസ്തി ഫൗണ്ടേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദേശത്തെ കൃഷിസമ്പുഷ്ടമാക്കാൻ ജലസേചനത്തിനായി കമ്മ്യൂണിറ്റി മൈക്രോ ജലസേചന പദ്ധതി നടപ്പിലാക്കണമെന്നും, ഇതിനായി സർക്കാർ ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. കായലിന്റെ സമഗ്രപുനരുദ്ധാരണത്തെ സംബന്ധിച്ച് സ്വസ്തി ഫൗണ്ടേഷനും, പാടശേഖര സംരക്ഷണ സമിതിയുടെ ആവശ്യങ്ങളെ സംബന്ധിച്ച് ജമീലാ പ്രകാശവും മന്ത്രിക്ക് നിവേദനങ്ങൾ നൽകി. ചടങ്ങിൽ വെങ്ങാനൂർ സതീഷ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യ പ്രഭാഷണം നടത്തി. സ്വസ്തി ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പുന്നൂസ്, സെക്രട്ടറി എബി ജോർജ്, സംഘാടകരായ എസ്. ഗോപിനാഥ്, പി.എച്ച്. കുര്യൻ, അഡ്വ. പി.എസ്. ഹരികുമാർ, ജി.എസ്. ശ്രീകല, കോളിയൂർ സുരേഷ്, ജമീലാ പ്രകാശം, അഡ്വ. പുഞ്ചക്കരി രവി, എസ്.ആർ. ശ്രീരാജ്, ആർ.എസ്. ശ്രീകുമാർ, ജീനു എസ്. സൈമൺ, ജയകുമാരി എന്നിവർ സംസാരിച്ചു.