തിരുവനന്തപുരം : ടിന്റു ലൂക്കയ്ക്കും ജിസ്ന മാത്യുവിനും ശേഷം പുതിയ ഒരു പിടി പ്രതിഭകളുമായി ട്രാക്ക് കീഴടക്കാനുള്ള തുടക്കമിടുകയാണ് പയ്യോളി എക്‌സ്‌പ്രസ് പി.ടി. ഉഷയുടെ കോഴിക്കോട്ട് കിനാലൂരിലുള്ള ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സ് ഇന്റർ ക്ളബ് ചാമ്പ്യൻഷിപ്പിൽ. രണ്ടുദിവസങ്ങളിലായി പങ്കെടുത്ത ആറിനങ്ങളിലും ഉഷ സ്കൂളിലെ കുട്ടികൾ സ്വർണം നേടിക്കഴിഞ്ഞു.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ സെലക്ഷൻ ട്രയൽസിലൂടെ ഉഷ സ്കൂളിലെത്തിയ കുട്ടികളാണ് മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പതിവുപോലെ സ്‌പ്രിന്റ് ഇനങ്ങളിലാണ് പരിശീലക എന്ന നിലയിലും ഉഷ ശ്രദ്ധിക്കുന്നത്. അണ്ടർ 14, 16, 18, 20 ഏജ് കാറ്റഗറികളിലെല്ലാം ഉഷയുടെ കുട്ടികൾ പൊന്നണിഞ്ഞു. അണ്ടർ-20 പെൺകുട്ടികളിൽ ഇരട്ട സ്വർണവുമായി കൂട്ടത്തിൽ സീനിയറായ അതുല്യ ഉദയൻ ഇരട്ട സ്വർണവുമണിഞ്ഞു. 800 മീറ്ററിലും 1500 മീറ്ററിലുമാണ് അതുല്യ സ്വർണം നേടിയത്. അണ്ടർ 16 പെൺകുട്ടികളിൽ പ്രതിഭ വർഗീസും അണ്ടർ 18 ൽ എൽഗ തോമസും 400 മീറ്ററിൽ സ്വർണം നേടി. മാളവിക എം.എസ് അണ്ടർ 16 200 മീറ്ററിൽ ഒന്നാമതെത്തി. ഇളമുറക്കാരിയായ ശാരിക ആദ്യദിവസം 100 മീറ്ററിൽ സ്വർണം നേടിയിരുന്നു.
പുതിയ പ്രതിഭകളുടെ മാറ്റുരച്ചെടുക്കുന്ന കഠിന പ്രയത്‌നത്തിലായിരുന്നു കഴിഞ്ഞ രണ്ടുവർഷമായി താനെന്ന് പി.ടി ഉഷ കേരളകൗമുദിയോട് പറഞ്ഞു. ടിന്റുവിനും ജിസ്‌നയ്ക്കുമൊപ്പം ഉയരാൻ കഴിവുള്ളവരാണ് പുതിയവരെന്നും വരുംകാലം തന്റെ ശിഷ്യകളുടേതായിരിക്കുമെന്നും ഉഷ പറഞ്ഞു.
ഉഷ സ്കൂളിലെ സ്വർണങ്ങൾ
1. പ്രതിഭ വർഗീസ് അണ്ടർ-16 (400 മീറ്റർ)
2. മാളവിക എം.എസ് (200 മീറ്റർ-അണ്ടർ -16)
3. എൽഗ തോമസ് (അണ്ടർ-18, 400 മീറ്റർ)
4-5. അതുല്യ ഉദയൻ (അണ്ടർ-20, 800 മീറ്റർ) 1500 മീറ്റർ
6. ശാരിക (അണ്ടർ -14 100 മീറ്റർ)