thampanoor

തിരുവനന്തപുരം: രണ്ട് ദിവസമായി പെയ്യുന്ന മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശം. ജില്ലയിലെ മലയോര മേഖലയിലും തീരദേശത്തുമാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്. ഞായറാഴ്ച വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് മഴക്കെടുതി ലഘൂകരിക്കാൻ ജില്ലാഭരണകൂടം അടിയന്തര നടപടി സ്വീകരിച്ചു. അപകടാവസ്ഥയിലുള്ള മരക്കൊമ്പുകളും പരസ്യ ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യും. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ അടിയന്തര യോഗം കളക്ടറേറ്റിൽ ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലയിൽ പലയിടങ്ങളിലും മരം കടപുഴകിയെങ്കിലും വലിയ അപകടങ്ങളില്ല. ചിലയിടങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ പറ്റി. കുറവൻകോണത്ത് വീടിന് മുകളിലേക്ക് മരം വീണു. തിരുവനന്തപുരം നഗര പരിധിയിലെ സെക്‌ഷനുകളിൽ വൈദ്യുതിലൈനുകൾ പൊട്ടി ബുധനാഴ്ച രാത്രി വൈദ്യുതി തടസമുണ്ടായെങ്കിലും പിന്നീട് പരിഹരിച്ചു. നഗരത്തിൽ നൂറോളം സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. റോഡുകളിൽ വീണ മരങ്ങൾ ഫയർഫോഴ്സ് രാത്രിതന്നെ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വലിയതുറ ഭാഗത്ത് കടലിൽ പോയി തിരികെയെത്താൻ ബുദ്ധിമുട്ടിയ രണ്ടു പേരെ കോസ്റ്റ് ഗാർഡ് കരയിലെത്തിച്ചു.
ഉരുൾപൊട്ടൽ സാദ്ധ്യത ഉള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴു വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താനും ബീച്ചുകളിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിതുര, പൊന്മുടി, കല്ലാർ പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുന്നതിനാൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും മരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്യുന്നുണ്ട്. സുരക്ഷ മുൻനിറുത്തി പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചു.

കടൽക്ഷോഭം ശക്തമായത് തീരദേശത്തെ ആശങ്കയിലാക്കുന്നുണ്ട്. വലിയതുറ, പൂന്തുറ, ബീമാപള്ളി, വിഴിഞ്ഞം, വേളി തുടങ്ങിയ തീരപ്രദേശങ്ങൾ ദുരിതത്തിലാണ്. കിള്ളിയാർ, കരമനയാർ, വാമനപുരം നദി, പൂവമ്പാറ, കല്ലാർ തുടങ്ങി ജില്ലയിലെ ജലാശയങ്ങൾ നിറഞ്ഞൊഴുകുകയാണ്. നദികളോട് ചേർന്നുള്ള വീടുകളിലും കടകളിലും വെള്ളം കയറിയത് താഴ്ന്ന പ്രദേശത്തുള്ളവരെ ബുദ്ധിമുട്ടിലാക്കി. ആദിവാസിമേഖലയിലും മഴ കടുത്ത ദുരിതമാണ് വിതച്ചിരിക്കുന്നത്. നെയ്യാർ, പേപ്പാറ ഡാമുകളിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നിട്ടുണ്ട്.

വൈദ്യുതികമ്പികൾ പൊട്ടിവീണാൽ

വൈദ്യുതികമ്പികൾ പൊട്ടിവീണത് കണ്ടാൽ 9496010101 എന്ന നമ്പരിൽ വിവരമറിയിക്കണം. വൈദ്യുതിതടസം അറിയിക്കാൻ 1912, 0471 2555544 എന്നീ നമ്പരുകളിൽ വിളിക്കാം.