ശ്രീകാര്യം: ചെമ്പഴന്തി അണിയൂർ ഭഗവതിക്ഷേത്രത്തിൽ കൂറ്റൻ ആൽമരം ഒടിഞ്ഞുവീണ് ശ്രീനാരായണഗുരു- ചട്ടമ്പി സ്വാമി സംഗമ തീർത്ഥാടന പൈതൃക കേന്ദ്രത്തിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു. 7 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ആറുമാസം മുമ്പാണ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ലൈബ്രറി മന്ദിരത്തിന്റെ മുകളിലത്തെ നിലയിൽ തീർത്ത മുഖ മണ്ഡപത്തോടുകൂടി തേക്കു തടിയിൽ നിർമ്മിച്ച ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഏകദേശം ഒരുമീറ്റർ ചുറ്റളവ് വരുന്ന ആൽമരത്തിന്റെ കൂറ്റൻ കൊമ്പ് ഒടിഞ്ഞു കെട്ടിടത്തിന്റെ മദ്ധ്യത്തിൽ പതിച്ചാണ് മേൽക്കൂര ഉൾപ്പെടെ തകർന്നത്.
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ വൈദ്യുതലൈനിന് മീതെ വീണ് വൈദ്യുത ബന്ധം നിലച്ചു. ശ്രീകാര്യത്ത് കല്ലമ്പള്ളിയിൽ റോഡ് വക്കിൽ നിന്ന തണൽ മരം കാറ്റിൽ വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്ന് ശ്രീകാര്യം - കല്ലംമ്പള്ളി റോഡിൽ ഏറെ നേരം ഗതാഗതം നിലച്ചിരുന്നു. ശ്രീകാര്യം എൻജിനിയറിംഗ് കോളേജ്, ചാവടിമുക്ക്, മൺവിള, പാങ്ങപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ മരം വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചെങ്കിലും ഇന്നലെ രാവിലെയോടെ പുനഃസ്ഥാപിച്ചു.