fold

തിരുവനന്തപുരം: കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നിർദേശം നൽകി.

രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയോഗിക്കും. വയനാട്ടിലേക്ക് പി.ആർ.ഡി ഡയറക്ടർ യു.വി. ജോസ്, ഇടുക്കിയിലേക്ക് ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ ജീവൻ ബാബു എന്നിവർ പോകും.

ജില്ലാ ഭരണ സംവിധാവുമായി യോജിച്ച് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും നടത്താൻ പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ
മേധാവികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ദേശീയ ദുരന്തപ്രതികരണ സേനയുടെ 13 യൂണിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഇടുക്കി,
മലപ്പുറം ജില്ലകളിൽ എൻ.ഡിആർഎഫ് ടീം എത്തിക്കഴിഞ്ഞു. സൈന്യത്തിന്റെ സേവനവും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണപാക്കറ്റുകൾ
എത്തിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻജിനിയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ സേവനവും തേടി. ഡി.എസ്.സി വിഭാഗങ്ങളെ ഇതിനകം വിവിധ ജില്ലകളിൽ നിയോഗിച്ചു.
അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മതിയായ സൗകര്യങ്ങളോടെ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും. അണക്കെട്ടുകളുടെ നില സദാ നിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെന്റർ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്.

അടിയന്തര സാഹചര്യം നേരിടാൻ പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, എൻ.ഡി.ആർ.എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികൾ സെന്ററിൽ തയ്യാറാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.