ആര്യനാട്: അതിർത്തി കാക്കുന്നതിനിടയിലും യുദ്ധങ്ങളിലും വീരമൃത്യു വരിച്ച സൈനികരുടെയും അർദ്ധ സൈനികരുടെയും ഓർമ്മയ്ക്കായി ഉഴമലയ്ക്കലിൽ യുദ്ധസ്മാരകം നിർമ്മിച്ചു. നാഷണൽ എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള ഉഴമലയ്ക്കൽ എക്സ് സർവീസ് മെൻ ഫോറം പ്രവർത്തകരാണ് തങ്ങളുടെ തുശ്ചമായ പെൻഷൻ തുകയിൽ നിന്നും സമ്പാദ്യം സ്വരൂപിച്ച് സ്മാരകം പണിതത്. രണ്ട് ലക്ഷത്തിലധികം രൂപ ചെലവായി. സ്വാതന്ത്ര്യം കിട്ടി 70വർഷം കഴിഞ്ഞിട്ടും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജില്ലയിൽ ഒരു യുദ്ധസ്മാരകം പണിതിട്ടില്ല. ഇപ്പോൾ തലസ്ഥാനത്ത് നിലവിലുള്ള യുദ്ധസ്മാരകം ഒന്നാം ലോകയുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. ഇവിടെയാണ് മുൻ സൈനികരും പൊതുജനങ്ങളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നത്. ഇതിന് പരിഹാരമായിട്ടാണ് ദേശസ്നേഹികളായ ഒരുകൂട്ടം വിമുക്ത ഭടന്മാർ യുദ്ധസ്മാരകം പണിയാൻ മുന്നോട്ടു വന്നത്. സ്വതന്ത്ര ഭാരതത്തിൽ 1948, 62, 65, 71 കാലഘട്ടങ്ങളിൽ നടന്ന യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മ നിലനിറുത്തുന്നതിനും രാജ്യസ്നേഹത്തിന്റെ പ്രാധാന്യം പുതുതലമുറയെ ഓർമ്മപ്പെടുത്താനുമാണ് മാതൃകാ യുദ്ധസ്മാരകം നിർമ്മിച്ച് നാടിന് സമർപ്പിച്ചതെന്ന് നിർമ്മാണ കമ്മിറ്റി കൺവീനർ കെ.എൻ.പി.നായർ പറഞ്ഞു. പ്രസിഡന്റ് എസ്.ആർ.കെ.പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സമർപ്പണ ചടങ്ങ് കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റഹിം മുഖ്യപ്രഭാഷണം നടത്തി. നാഷണൽ എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ഉഴമലയ്ക്കൽ പുഷ്പാംഗദൻ സ്മാരകം നാടിന് സമർപ്പിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസർ ലാൽ, രവീന്ദ്രൻ നായർ, കെ.ജയകുമാർ, ആർ. രാജ്മോഹൻ, കെ.എൻ.പി.നായർ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് മോടികൂട്ടാൻ ആര്യനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി യൂണിറ്റും രംഗത്തെത്തി.