പാലോട്: തെങ്കാശി - തിരുവനന്തപുരം പാതയിൽ പാലോട് കരിമൻകോട് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി മരത്തിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അമ്പതിലധികം പേർക്ക് പരിക്കേറ്റു. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ 8.45 ന് പാലോട് ചിപ്പൻചിറകഴിഞ്ഞ് ഏറെ കരിമൻകോട് വച്ചായിരുന്നു അപകടം. കൊടും വളവ് തിരിഞ്ഞുവന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലുള്ള അമീർ മൻസിലിൽ നാസിമുദ്ദീന്റെ പറമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പറമ്പിലെ കുഴിയിലകപ്പെട്ട ബസ് തൊട്ടടുത്തുള്ള ആഞ്ഞിലിമരത്തിലിടിച്ചാണ് നിന്നത്. മരത്തിലിടിച്ച് നിന്നതിനാൽ ബസ് വീടിന് മീതേക്ക് മറിഞ്ഞില്ല. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലോട് പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ബസ് കണ്ടക്ടറും ഡ്രൈവറുമുൾപ്പെടെ പരിക്കേറ്റ മുഴുവൻ പേരെയും പാലോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും നെടുമങ്ങാട് ഗവ. ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി.സാരമായി പരിക്കേറ്റ സീന , സുധ, വിമലൻ ,ഷാജി, ഷാജഹാൻ എന്നിവരെയും അബോധാവസ്ഥയിലായ ഒരു അജ്ഞാതനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.