അമേരിക്കയിലെ കാലിഫോർണിയയിലെ ഗ്ലേസ് ലക്ഷ്വറി കമ്പനി നിർമിക്കുന്ന ഐസ് ക്യൂബുകളെ പറ്റി കേട്ടിട്ടുണ്ടോ? ഈ ഐസ് ക്യൂബുകൾ വളരെ വ്യത്യസ്തമാണ്. ഉരുകാൻ 15 മുതൽ 40 വരെ മിനിറ്റ് വേണം. സ്‌ക്വയർ രൂപത്തിൽ മാത്രമല്ല ഗ്ലേസ് ലക്ഷ്വറി ഐസ്, മാരികോ സ്‌ഫിയേഴ്സ് എന്ന പേരിൽ നല്ല ഉരുണ്ട സുന്ദരൻ രൂപത്തിലും ലഭിക്കും. കേൾക്കുമ്പോൾ ഒന്നു പരീക്ഷിച്ചാലോ എന്ന് തോന്നുന്നുണ്ടോ?
പക്ഷേ, വില കേട്ടാൽ നിങ്ങൾ ഞെട്ടും. ഒരു ബാഗിന് 325 ഡോളർ (ഏകദേശം 22,910 രൂപ) ആണ് ഈ 'ആഡംബര' ഐസ് ക്യൂബുകളുടെ വില. ഒരു ബാഗിൽ 50 ഐസ് ക്യൂബുകൾ ഉണ്ടാകും. ലോകത്തെ ഏറ്റവും വിലകൂടിയ ഐസ് ക്യൂബ് ആണിത്.വില കുറച്ച് കൂടിപ്പോയെന്ന് പരിഭവം പറയുന്നവർക്ക് മുന്നിൽ നിർമാതാക്കളായ ഗ്ലേസ് ലക്ഷ്വറി കമ്പനിക്കും ചിലത് പറയാനുണ്ട്.
സാധാരണ ക്യൂബുകളെ അപേക്ഷിച്ച് ഇവയുടെ നിലവാരം വളരെ ഉയർന്നതാണ്. ക്യൂബുകളുടെ ശുദ്ധത നൂറു ശതമാനം ഉറപ്പാക്കിയ ശേഷം വായു കടക്കാത്ത പ്രത്യേകം ബാഗുകളിലാണ് ഈ ഐസ് ക്യൂബുകളെ ലഭ്യമാക്കുന്നത്. പ്രത്യേക പ്രക്രിയകളിലൂടെയാണ് നിർമാണം. ഇവയുടെ ആകൃതി തന്നെ നൂറു ശതമാനം ' പെർഫെക്ട് ' ആണ്!