world

ക്വാലാലംപൂർ: കണ്ടാൽ ഒരു നാണക്കാരി. ആരുടെയും മുഖത്തുനോക്കിപ്പോലും സംസാരിക്കില്ല. പക്ഷേ, റസലിംഗ് റിംഗിൽ കയറിയാൽ കഥമാറി.പിന്നെ പുപ്പുലിയാണ്. പുരുഷന്മാർക്കുപോലും അവളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. നാലുപുരുഷന്മാരെ ഇടിച്ചിട്ട് മലേഷ്യാ പ്രോ റസലിംഗ് ചാമ്പ്യയായ പത്തൊമ്പതുകാരി നോർ ഡയാനയാണ് ഇൗ കിടിലം. ലോകത്തെ ആദ്യ ഹിജാബ് ധാരിയായ ഗുസ്തിതാരവുമാണ് നോർ. ഗുസ്തി പുരുഷന്മാരുടെ മാത്രം കുത്തകയാണെന്ന ധാരണ തിരുത്തിക്കുറിക്കുകയായിരുന്നു നോർ.

നാലുവർഷത്തെ കഠിനപരിശീലനത്തിന്റെ ഫലമാണ് നോറിന്റെ നേട്ടങ്ങൾ.ടെലിവിഷനിൽ സഹോദരനൊടൊപ്പം ഗുസ്തിമത്സരങ്ങൾ കണ്ടാണ് നോറിന് ഗുസ്തിയോട് താത്പര്യം തോന്നിയത്. ഗുസ്തി പഠിച്ചേ അടങ്ങൂ എന്ന് വാശിയായി. ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് സ്ത്രീകൾക്ക് ഗുസ്തിപഠിക്കുക എളുപ്പമല്ലെന്ന് വ്യക്തമായത്. അങ്ങനെയിരിക്കെയാണ് വനിതാ ഗുസ്തിതാരത്തിന്റെ കിടിലൻ പ്രകടനം നേരിട്ടുകണ്ടത്.അതോടെ എന്തുവിലകൊടുത്തും ഗുസ്തിപഠിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചു.

ഇന്റർനെറ്റിന്റെ സഹായത്തോടെ മലേഷ്യയിലെ ഗുസ്തിപരിശീലന കേന്ദ്രങ്ങളെക്കുറിച്ച് മനസിലാക്കി. വീട്ടുകാരുടെ സഹകരണത്തോടെ കോച്ചിനെയും കണ്ടെത്തി. ഗുസ്തിപഠിക്കാനെത്തുന്നത് ഒരു പെൺകുട്ടിയാണെന്നറിഞ്ഞതോടെ കോച്ച് അമ്പരന്നുപോയി. വെറുതേ ഒരു രസത്തിന് ഇറങ്ങിപ്പുറപ്പെട്ടതാണെന്നാണ് കോച്ച് കരുതിയത്. പക്ഷേ, തന്റെ വിചാരം തെറ്റാണെന്ന് വളരെവേഗം അയാൾക്ക് മനസിലായി. തുടർന്നാണ് ശരിക്കുള്ള പരിശീലം നൽകിത്തുടങ്ങിയത്.

ഒരുദിവസംപോലും നോർ പരിശീലനം മുടക്കിയിട്ടില്ല. റിംഗിൽ എതിരാളികളെ മലർത്തിയടിക്കുമ്പോഴും തികഞ്ഞ നാണക്കാരിയായിരുന്നു നോർ. ആ നാണം മാറ്റിയെടുക്കാൻ കോച്ച് ശ്രമിച്ചതോടെയാണ് നോറിലെ ശൗര്യം കൂടുതൽ ദൃശ്യമായത്. പക്ഷേ, ഒരു പെൺകുട്ടി ബോക്സിംഗ് നടത്തുന്നത് നാട്ടുകാർ എങ്ങനെ കാണുമെന്ന ശങ്ക നോറിനെ വല്ലാതെ അലട്ടിയിരുന്നു. ഇത് മറികടക്കാൻ മത്സരത്തിൽ ആദ്യം മാസ്ക് ധരിച്ചാണ് നോർ എത്തിയത്. എതിരാളികളെ ഒന്നൊന്നായി നിലംപരിശാക്കിയതോടെ മാസ്ക് അഴിച്ചുമാറ്റാൻ നോർ തീരുമാനിക്കുകയായിരുന്നു. കാണികൾ ഹർഷാരവം മുഴക്കിയതോടെ പേടിമാറി. പിന്നെ തിരിഞ്ഞുനോക്കിയില്ല. ഇനിയും കൂടുതൽ ദൂരം താങ്ങാനുണ്ടെന്നാണ് നോർ പറയുന്നത്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് അവരിപ്പോൾ.