കാട്ടാക്കട: സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി കാട്ടാക്കടയിൽ വിവിധ സ്‌കൂളുകളിലെ കേഡറ്റുകൾ പത്ത് ലക്ഷ്യങ്ങളുമായി സന്ദേശയാത്ര നടത്തി. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്, ചന്തനട എന്നിവിടങ്ങളിൽ നിന്നായി ആരംഭിച്ച യാത്രയ്ക്ക് കാട്ടാക്കട ജംഗ്ഷനിൽ വച്ച് കാട്ടാക്കട ഇൻസ്‌പെക്ടർ ഒഫ് പൊലീസ് ഡി. ബിജുകുമാർ ദീപശിഖ കൈമാറി. ഇൻസ്ട്രക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിശ്വദീപ്തി സ്‌കൂൾ മൈതാനത്ത് എത്തിയ യാത്രയെ വൈസ് പ്രിൻസിപ്പൽ എസ്.എസ്. ശോഭ സ്വീകരിച്ചു. ജില്ലാ നോഡൽ ഓഫീസർ നർക്കോട്ടിക് ഡിവൈ.എസ്.പി വി.എസ്. ദിനരാജ് പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ്.പി.സി പദ്ധതി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ടി.എസ്.അനിൽകുമാർ, ജില്ലാ പൊലീസ് മേധാവി പി.കെ. മധു, സ്‌കൂൾ പ്രിൻസിപ്പൽ ടോമി ജോസഫ് മുളന്തുരുത്തിയിൽ തുടങ്ങിയവർ സംസാരിച്ചു. 'ഞാൻ ആരാണ്' എന്ന വിഷയത്തിൽ കരിയർ ഡെവലപ്മെന്റ് ക്ലാസ് അസ്‌ലംഖാൻ നയിച്ചു. മികവ് 2019 പരിപാടി ഐ.ബി. സതീഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഡോ. ജെ.ഹരീന്ദ്രൻ നായർ, പി.കെ. മധു, ഡി.വൈ.എസ്.പി വി.എസ്. ദിനരാജ് തുടങ്ങിയവർ സംസാരിച്ചു.