ബാലരാമപുരം: പനയറക്കുന്നിൽ സ്പെയർ പാർട്സ്, ഫർണിച്ചർ കടകളിലുണ്ടായ തീപിടിത്തത്തിൽ 22. 5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പയറുംമൂട് തിരുവോണം വീട്ടിൽ ബിജുവിന്റെ അക്ഷര ടോട്ടൽ ലൂബ്രിക്കൻസ്, ജയചന്ദ്രന്റെ ഫർണിച്ചർ കട എന്നിവയാണ് അഗ്നിക്കിരയായത്. വിഴിഞ്ഞം, നെയ്യാറ്റിൻകര, പൂവാർ സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ചെറിയ രീതിയിലാണ് തീ പടർന്നതെങ്കിലും ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന കാർബൈഡ് ടിൻ പൊട്ടിത്തെറിച്ചതോടെ തീ ആളിക്കത്താൻ തുടങ്ങി. സ്റ്റീൽ പൈപ്പുകളുടെ വെൽഡിംഗിനായാണ് ഇത് സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിച്ച കാർബൈഡിൽ നിന്ന് അസറ്റിലിൻ ഗ്യാസ് ഉയർന്നതോടെ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ പറ്റാതെയായി. ഓയിൽ ചിതറിയ സ്ഥലത്തേക്ക് പിന്നീട് ഫോം കോമ്പൗണ്ട് മിശ്രിതം അടിച്ചാണ് തീ അണച്ചത്. സ്പെയർപാർട്സ് കടയും ഫർണിച്ചർ കടയും പൂർണമായും കത്തി. തന്റെ കട കത്തുന്നത് കണ്ടുനിന്ന അക്ഷര സ്പെയർ പാർട്സ് ഉടമ ബിജു ബോധമറ്റ് വീണു. ഫയർസേഫ്റ്റി ഉദ്യോഗസ്ഥരാണ് ഇയാളെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചത്. ബിജുവിന് 21 ലക്ഷം രൂപയുടെയും ഫർണിച്ചർ കടയുടമ ജയചന്ദ്രന് ഒന്നര ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ജയചന്ദ്രന്റെ കടയിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക്കൽ സാധനങ്ങളും അഗ്നിക്കിരയായി. ഫയർസേഫ്റ്റി ഓഫീസർ സുവി, നെയ്യാറ്റിൻകര ഫയർസേഫ്റ്റി ഓഫീസർ സജിത്ത്, അസിസ്റ്റന്റ് ഫയർമാൻ എ.എസ്. വേണുഗോപാൽ, വിഴിഞ്ഞം ഫയർ സേഫ്റ്റി ഓഫീസർ രാമമൂർത്തി, പൂവാർ യൂണിറ്റിലെ ഫയർമാൻമാർ തുടങ്ങി ഇരുപതോളം ഫയർമാൻമാരുടെ നേതൃത്വത്തിലായിരുന്നു മൂന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടിത്തതിന് കാരണമെന്ന് ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് വർഷത്തിന് മുമ്പും അക്ഷര സ്പെയർ പാർട്സ് കടയ്ക്ക് തീപിടിച്ചിരുന്നു.