ലണ്ടൻ: വിരോധമുള്ള പുരുഷന്മാർക്ക് എച്ച്. ഐ. വി പകർത്തിയെന്ന യുവതിയുടെ അവകാശവാദത്തെപ്പറ്റി ജോർജിയൻ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസമാണ് ബ്രാന്റി യെക്കെയ്മ എന്ന മുപ്പത്തിനാലുകാരി നിരവധിപേർക്ക് താൻ എച്ച്. ഐ.വി പകർത്തിയെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവതി അവകാശപ്പെട്ടത്.
തനിക്ക് ബന്ധമുണ്ടായിരുന്ന പുരുഷന്മാരുടെയും അവരുടെ കാമുകിമാരുടെയും ഭാര്യമാരുടെയും ലിസ്റ്റുകളും ബ്രാന്റി പുറത്തുവിട്ടിരുന്നു. സംഭവത്തെക്കുറിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം തുടങ്ങി. മണിക്കൂറുകൾക്കുള്ളിൽ യുവതിയെ കണ്ടെത്തി. പക്ഷേ, അപ്പോഴേക്കും ദൃശ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കംചെയ്തിരുന്നു.
അന്വേഷണം കടുത്തതോടെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ സത്യമല്ലെന്നറിയിച്ച് യുവതി രംഗത്തെത്തി. തെളിവായി കഴിഞ്ഞവർഷം നടത്തിയ ഒരു രക്തപരിശോധനയുടെ ഫലവും പൊലീസിന് കൈമാറി. ആവശ്യമെങ്കിൽ ഇനിയും പരിശോധനകൾക്ക് തയ്യാറാണെന്നാണ് യുവതിയുടെ നിലപാട്. ചിലയാളുകളോട് തനിക്ക് വല്ലാത്ത ദേഷ്യമുണ്ടായിരുന്നുവെന്നും അതിനാലാണ് അവരുടെ പേരുകൾ പറഞ്ഞെതെന്നുമാണ് യുവതി പറയുന്നത്.
യുവതി പേരുവിവരങ്ങൾ പുറത്തുവിട്ടതോടെ പലരും സംശയത്തിന്റെ നിഴലിലായി. ചിലരുടെ കുടുംബങ്ങളും തകർന്നിട്ടുണ്ട്.
യുവതി പറയുന്ന കാര്യങ്ങൾ പൂർണമായി വിശ്വസിക്കാതെയാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. എച്ച്.ഐ.വി ബാധിതർ അക്കാര്യം മറച്ചുവച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നത് പല രാജ്യങ്ങളിലും ക്രിമിനൽകുറ്റമാണ്. ജോർജിയയിൽ പത്തുവർഷംവരെ തടവുശിക്ഷ ലഭിക്കാം.
യുവതിയുടെ രക്തപരിശോധനാഫലം വരുന്നതുവരെ കാത്തിരിക്കാം എന്നാണ് പൊലീസിന്റെ നിലപാട്. പരിശോധനയിൽ എച്ച് ഐ.വി നെഗറ്റീവാണെന്നുതെളിഞ്ഞാലും യുവതിക്ക് ശിക്ഷ ഉറപ്പാണ്. വ്യാജപ്രജരണം നടത്തിയകുറ്റത്തിനായിരിക്കും ശിക്ഷ.