സംസ്ഥാനത്തെ വിഴുങ്ങിയ നൂറ്റാണ്ടിലെ മഹാപ്രളയത്തെ ജനങ്ങൾ ധീരമായി നേരിട്ടതിന്റെ കൃത്യം ഒന്നാംവാർഷികത്തിൽത്തന്നെ ഏതാണ്ട് അതുപോലൊരു ദുരന്തമുഖത്താണ് സംസ്ഥാനവും ആൾക്കാരും. കൊല്ലവും തിരുവനന്തപുരവും ഒഴികെ മറ്റു പന്ത്രണ്ടു ജില്ലകളും രൂക്ഷമായ മഴക്കെടുതികളിൽ പിടയുകയാണ്. കോരിച്ചൊരിയുന്ന കാലവർഷത്തിനൊപ്പം ശക്തമായ കാറ്റും വ്യാപകമായ ഉരുൾപൊട്ടലുകളും കൂടിയായപ്പോൾ അതിവിപുലമായ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. വെള്ളപ്പാെക്കത്തിൽ അനേകം ഗ്രാമങ്ങളും പട്ടണങ്ങളും രക്ഷാമാർഗം തേടുകയാണ്. മഹാപ്രളയാനുഭവങ്ങൾ മനസിൽനിന്ന് മാഞ്ഞിട്ടില്ലാത്തതിനാൽ ജനങ്ങൾ ആദ്യംതൊട്ടേ രക്ഷാസ്ഥാനങ്ങൾ തേടി വീടുകൾ വിടുന്നുണ്ടെന്നതാണ് എടുത്തുപറയേണ്ടത്.
വിവിധ ജില്ലകളിലായി മുന്നൂറ്റി അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി കാൽലക്ഷത്തോളം പേർ വെള്ളിയാഴ്ച രാവിലെവരെ എത്തിയിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മഴക്കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർ ഇരുപത്തിയഞ്ചാണ്. വയനാട്ടിലെ പുത്തുമലയിലുണ്ടായ വലിയ ഉരുൾപൊട്ടലിൽ നിരവധി പേർ മണ്ണിനടിയിലായിട്ടുണ്ടാകുമെന്നാണ് പറയുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ തെരച്ചിലിൽ ഇതെഴുതുന്ന സമയം വരെ ഏഴുപേരുടെ ജഡങ്ങൾ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇനിയും പലരും മണ്ണിനടിയിലുണ്ടാകുമെന്നാണ് ദുരന്തമുഖത്തുനിന്നുള്ള വർത്തമാനം. സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും കരയെ തൊട്ടുകൊണ്ടോ കരകവിഞ്ഞോ ഒഴുകയാണ്. സംഭരണശേഷി കുറവായ അണക്കെട്ടുകൾ തുറന്നുകൊണ്ടിരിക്കുന്നതുമൂലം പ്രളയനില പലേടത്തും കൂടുതൽ രൂക്ഷമായി. റെയിൽ-റോഡ് ഗതാഗതം ആകെ താറുമാറായിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറിയതിനാൽ ഞായറാഴ്ച വരെ വിമാന സർവീസുകൾ നിറുത്തിവയ്ക്കേണ്ടിവന്നു. അതി തീവ്രമഴ ശനിയാഴ്ചവരെ തുടരുമെന്ന മുന്നറിയിപ്പ് പ്രളയബാധിത പ്രദേശങ്ങളിൽ കഴിയുന്ന ജനങ്ങൾക്കിടയിൽ കൂടുതൽ ഭീതി വിതച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങൾ തടഞ്ഞുനിറുത്താൻ മനുഷ്യർ അശക്തരാണ്. വന്നുഭവിക്കുന്ന ദുരന്തങ്ങൾ ചങ്കുറപ്പോടെ നേരിടുകയേ വഴിയുള്ളൂ. കേരളം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന്റെ അനുഭവപാഠങ്ങൾ മുന്നിലുള്ളത് പ്രതിസന്ധികൾ ധീരമായി നേരിടാൻ കൂടുതൽ കരുത്തുപകരുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസവും ചിട്ടയോടെ നടത്താൻ സർക്കാർ വകുപ്പുകൾക്കും കഴിയുന്നുണ്ട്. കഴിഞ്ഞവർഷം ജനങ്ങൾ കൈമെയ് മറന്നാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ദുരിതബാധിതർക്ക് ആവശ്യമായ അവശ്യവസ്തുക്കൾ എത്തിക്കുന്നതിൽ അന്ന് കാണിച്ച വിസ്മയജനകമായ ഗതിവേഗം ഇൗ സന്ദർഭത്തിലും ഉണ്ടാകണം. പ്രളയസ്ഥിതി അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിൽ ഉയർന്ന അഭ്യർത്ഥന മുഴുവൻ ജനങ്ങളും ഉൾക്കൊള്ളണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങളുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ സംഭരിക്കാനും കൃത്യമായി ക്യാമ്പുകളിൽ അവ എത്തിക്കാനും സംവിധാനം ഒരുക്കണം. സന്നദ്ധ സംഘടനകളും യുവജനങ്ങളും പ്രൊഫഷണലുകളും ഒരിക്കൽകൂടി ഒത്തുചേരേണ്ട അവസരമാണിത്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾ ഇനിയും ധാരാളമുണ്ട്. അവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാൻ വിവിധ സേനകൾക്കൊപ്പം തടിമിടുക്കുള്ള ആൾക്കാരും ഉണ്ടാകണം. മഹാപ്രളയകാലത്തെ അതിധീരന്മാരായ മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾ ആരും ആവശ്യപ്പെടാതെതന്നെ ഇക്കുറിയും സേവന സന്നദ്ധരായി എത്തുന്നുണ്ട്. മുൻവർഷം ചെറുതും വലുതുമായ അണക്കെട്ടുകൾ ഒന്നിച്ച് തുറക്കേണ്ടിവന്നതാണ് പ്രളയനില അതിരൂക്ഷമാക്കിയതെങ്കിൽ ഇത്തവണ വലിയ അണക്കെട്ടുകൾ ഒരുവിധ ഭീഷണിയും ഉയർത്തുന്നില്ലെന്നത് ആശ്വാസകരമാണ്. തീവ്രമായ മഴയ്ക്ക് ശമനമുണ്ടായാൽ പ്രളയജലം ക്രമേണ വാർന്നുപോകുമെന്നു സമാധാനിക്കാം.
പ്രളയത്തിലും ഉരുൾപൊട്ടലിലും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസം വീണ്ടും വലിയ പ്രശ്നമാകാൻ പോവുകയാണ്. കഴിഞ്ഞ വർഷം ഭവന രഹിതരായവരിൽത്തന്നെ പലരുടെയും പുനരധിവാസം ഇപ്പോഴും ത്രിശങ്കുവിലാണ്. സർക്കാരിന് ഇതിന്റെ പേരിൽ ഒരുപാട് ആക്ഷേപവും കേൾക്കേണ്ടിവന്നു. ഒരിക്കൽക്കൂടി എത്തിയ പേമാരിയും പ്രളയവും ഉരുൾപൊട്ടലുകളും സർക്കാരിന്റെ പുനരധിവാസ യത്നങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്നു തീർച്ച. സംസ്ഥാനം നേരിടുന്ന ഗുരുതരമായ ഇൗ വെല്ലുവിളിയിൽ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചുനിൽക്കണം. കഴിയുന്നത്ര സഹായവും പിന്തുണയും സർക്കാരിന് നൽകുകയും വേണം. നിശ്ചയദാർഢ്യവും സഹായിക്കാനുള്ള മനസുമുണ്ടെങ്കിൽ ഇൗ പ്രളയത്തെയും അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിയും. പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ട സന്ദർഭം കൂടിയാണിത്. രാഷ്ട്രീയക്കണ്ണുവച്ച് പ്രശ്നങ്ങളെ കാണരുത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി ജനങ്ങൾക്ക് ആശ്വാസം പകരേണ്ടതിനുപകരം പ്രസ്താവനകളിലൂടെ അന്തരീക്ഷം കലുഷമാക്കാതിരിക്കാനുള്ള വിവേകമാണ് നേതാക്കളിൽ നിന്നുണ്ടാകേണ്ടത്.
തുടർച്ചയായി പ്രളയവും ഉരുൾപൊട്ടലുകളും നേരിടേണ്ടിവരുന്നതിന്റെ കാരണങ്ങൾ സമഗ്രമായി പഠിക്കേണ്ടതുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങളും പ്രകൃതി നശീകരണവുമൊക്കെ കാരണങ്ങളായി പറയാറുണ്ട്. അത്തരം വലിയ കാര്യങ്ങളൊക്കെ പിന്നീട് ചർച്ച ചെയ്യുന്നതാവും ഭംഗി. ഇപ്പോൾ വേണ്ടത് ദുരിതത്തിലകപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി സഹായമെത്തിക്കുക എന്നതാണ്. ഇതിനായുള്ള സർക്കാർ യത്നങ്ങളിൽ പരമാവധി പങ്കാളികളാവുകയാണ് വേണ്ടത്.