വിതുര: രണ്ട് ദിവസങ്ങളായി തുടരുന്ന മഴയിൽ മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ വൻനാശം. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലവെള്ളപ്പാച്ചിലിൽ വ്യാപക കൃഷിനാശമുണ്ട്. പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർന്നു. ബോണക്കാട്, പേപ്പാറ മേഖലകളിൽ നിരവധി വീടുകളുടെ മേൽക്കൂര കാറ്റത്തും മഴയത്തും തകർന്നുവീണു. ആദിവാസി, തോട്ടം മേഖലകളിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പൊന്മുടി - കല്ലാർ റൂട്ടിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ പലയിടത്തും പൊട്ടിവീണു. ഫയർഫോഴ്സും വൈദ്യുതിവകുപ്പ് ജീവനക്കാരും ഏറെ പണിപ്പെട്ടാണ് മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി, ഗതാഗത ബന്ധം പുനഃസ്ഥാപിച്ചത്. വാമനപുരം നദി കരകവിഞ്ഞൊഴുകുകയാണ്. പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് വിതുര - തെന്നൂർ - പെരിങ്ങമ്മല റൂട്ടിൽ ഗതാഗതം നിലച്ചു. കനത്ത മഴയെത്തുടർന്ന് ആദിവാസി മേഖലയിലെ മിക്ക ഉൗരുകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.