ജയ്‌പൂർ: കൂടുതൽ മദ്യം വിറ്റോളൂ. ഇല്ലെങ്കിൽ പിഴയൊടുക്കണം. രാജസ്ഥാൻ സർക്കാരാണ് കൂടുതൽ മദ്യംവിൽക്കാത്ത ബാറുകൾക്ക് പിഴചുമത്താൻ തയ്യാറെടുക്കുന്നത്. നിലവിൽ വിൽക്കുന്ന മദ്യത്തെക്കാൾ പത്തുശതമാനം കൂടുതൽ വിൽക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ വീഴ്ചവരുത്തിയാലാണ് പിഴയൊടുക്കേണ്ടത്.
പിഴ എത്രയാണെന്നകാര്യത്തിൽ തീരുമാനമായിട്ടില്ല. കൂടുതൽ മദ്യംവിറ്റില്ലെങ്കിൽ പിഴയൊടുക്കേണ്ടിവരും എന്നുള്ള നോട്ടീസ് സംസ്ഥാനത്തെ ഒട്ടുമിക്ക ബാറുകൾക്കും ലഭിച്ചുകഴിഞ്ഞു. നേരത്തേ ഇൗ നയം ചില്ലറ വില്പനശാലകൾക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ. അതാണ് ഇപ്പോൾ ബാറുകൾക്കും ബാധകമാക്കിയത്.
മദ്യവിൽപ്പന കൂട്ടി സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്തിടെ മദ്യത്തിന്റെ വിലയും കൂട്ടിയിരുന്നു. ബാറുടമകളോട് ആലോചിക്കാതെ പിഴയേർപ്പെടുത്താനുള്ള നീക്കത്തിൽ ബാറുടമകൾ കടുത്ത പ്രതിഷേധത്തിലാണ്. സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടിസ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ.