tree

കിളിമാനൂർ: കനത്തമഴയിലും കാറ്റിലും കിളിമാനൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകനാശം. മരങ്ങൾ പിഴുതുവീണ് ഗതാഗതം തടസപ്പെടുകയും നിരവധി സ്ഥലങ്ങിൽ വൈദ്യുത ലൈനുകൾ പൊട്ടുകയും ചെയ്‌തിട്ടുണ്ട്. പഴയകുന്നുമ്മൽ, പുളിമാത്ത്, കിളിമാനൂർ, നഗരൂർ പഞ്ചായത്തുകളിൽ നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമൺ കയറ്റത്തിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. അടയമൺ, പാപ്പാല, വെള്ളല്ലൂർ ഈഞ്ചമൂല പ്രദേശങ്ങളിലെ വയലുകളിലെ നെൽകൃഷി പൂർണമായും വെള്ളത്തിലാണ്. അടയമൺ, ആറ്റൂർ, പേടികുളം, പ്ലാവോട്, പൊരുന്തമൺ, കുറ്റിമൂട്, കൊടുവഴന്നൂർ പ്രദേശങ്ങളിൽ നിരവധി റബർ മരങ്ങൾ റോഡിലേക്ക് പിഴുതുവീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ പരസ്യബോർഡുകളും നിലംപതിച്ചു. കിളിമാനൂർ മഠത്തിൽകുന്ന് മഠത്തിൽ വീട്ടിൽ സതീശന്റെ വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ആട്ടോയ്ക്ക് മുകളിൽ തേക്ക് മരം കടപുഴകി വീണു. ആട്ടോ ഭാഗികമായും തകർന്നിട്ടുണ്ട്. മീൻമുട്ടി വെള്ളച്ചാട്ടവും നദിയും നിറഞ്ഞൊഴുകുകയാണ്. ഇവിടേക്ക് നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നവരോട് ജാഗ്രത പുലർത്താൻ പഞ്ചായത്ത് നിർദ്ദേശിച്ചു.