vazha

വെള്ളറട: ഒാണസീസൺ പടിവാതിലിലെത്തി നിൽക്കുമ്പോൾ സാധാരണഗതിയിൽ കൃഷിക്കാർ ആഹ്ലാദത്തിലാകേണ്ടതാണ്. പ്രത്യേകിച്ചും ഒാണ - കല്യാണ സദ്യകളിൽ ഒഴിവാക്കാനാകാത്ത വാഴപ്പഴം കൃഷിക്കാർ. എന്നാൽ കാലം തെറ്റിയ മഴയും പരിചിതമല്ലാത്ത അതിശക്തമായ കാറ്റും കൃഷി നശിപ്പിക്കുമ്പോൾ ആവശ്യമായ സർക്കാർ സഹായം ലഭിക്കാത്തത് വാഴകൃഷിക്കാരെ കടക്കെണിയിലാക്കുകയാണ്.

മലയോരത്തെ കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, വെള്ളറട പഞ്ചായത്തുകളിലെ പ്രധാന കൃഷികളിലൊന്നായ വാഴ കൃഷി ചെയ്യുന്നവർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഹെക്ടർ കണക്ക് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകരാണ് ഏറെയും. കാറ്റിലും മഴയിലും വേനലിലും വ്യാപകമായി കൃഷി നശിക്കുമ്പോൾ പാട്ടതുകപോലും കർഷകന് ലഭിക്കാത്ത സാഹചര്യവുമുണ്ട്. കടം വാങ്ങിയും പലിശയ്ക്കെടുത്തും കൃഷിയിറക്കിയാൽ മുടക്കുന്ന പണം പോലും തിരികെ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് വാഴ കർഷകർ പറയുന്നു. വളവും കൃഷിക്ക് ആവശ്യമായ ധനസഹായവും സർക്കാരിൽ നിന്നും ലഭിച്ചാൽ മാത്രമേ ഇനി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ക‌ഴിയുകയുള്ളുവെന്ന അവസ്ഥയിലാണ് ഇവർ. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആയിരക്കണക്കിനു രൂപ മുടക്കി കൃഷി ചെയ്ത കുലയ്ക്കാറായ വാഴകൾ നശിച്ചാൽ പോലും തുച്ഛമായ നഷ്ടപരിഹാരമാണ് കർഷകന് ലഭിക്കുന്നത്. ഏത്ത വാഴയും കപ്പവാഴയും കൃഷിചെയ്യുന്ന കർഷകരാണ് കടുത്ത നഷ്ടത്തിന് ഇരയാകുന്നത്. ഈ അവസ്ഥ തുടർന്നാൽ ഇനി തമിഴ്നാട്ടിൽ നിന്നും കിട്ടുന്ന പഴങ്ങൾ മാത്രം കഴിക്കേണ്ട അവസ്ഥയിലാകും മലയാളികൾ എന്നാണ് വാഴകർഷകർ പറയുന്നത്. കൃഷി ഭവനുകൾ വഴി വാഴകർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കിൽ അവശേഷിക്കുന്ന വാഴ കൃഷിപോലും നശിക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.