തിരുവനന്തപുരം:മഹാമാരിയും പെരുവെള്ളപ്പാച്ചിലും ദുരന്തം വിതച്ച വടക്കൻ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ ഓപ്പറേഷൻ തുടങ്ങി.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യുദ്ധമുഖത്തെന്നപോലെ തീവ്രമായ രക്ഷാദൗത്യത്തിലാണ് സേനകൾ. റോഡുകളും പാലങ്ങളും തകർന്ന് ആളുകൾ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിലേക്ക് കരസേനയും ദേശീയ ദുരന്തനിവാരണ സേനയുമാണ് ആദ്യമെത്തിയത്. കുടുങ്ങിപ്പോയവരെ എയർലിഫ്‌റ്റിംഗ് നടത്താൻ റെസ്ക്യൂ ബാസ്കറ്റുകൾ ഘടിപ്പിച്ച നാല് എം.ഐ-17വി5 ഹെലികോപ്ടറുകൾ വ്യോമസേന സജ്ജമാക്കി. ഇവയിൽ ഒരുസമയം നാല് പേരെ എയർലിഫ്‌റ്റ് നടത്താം. ഏത് കുത്തൊഴുക്കിൽ നിന്നും ആളുകളെ രക്ഷിക്കാൻ പരിശീലനം നേടിയ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും രക്ഷാദൗത്യത്തിനുണ്ട്.
ഉരുൾപൊട്ടലിൽ വീടുകളും കെട്ടിടങ്ങളും തരിപ്പണമായ വയനാട്ടിലെ പുത്തുമലയിൽ ഇന്നലെ രാവിലെ 8ന് സൈന്യം രക്ഷാദൗത്യം ഏറ്റെടുത്തു. ലഫ്.കേണൽ തീർത്ഥാങ്കറിന്റെ നേതൃത്വത്തിലുള്ള കരസേനാസംഘം ,കുടുങ്ങിപ്പോയ 150 നാട്ടുകാരെ രക്ഷിച്ചു. ഒമ്പതു മാസം ഗർഭിണിയെ ശ്രമകരമായ ദൗത്യത്തിലൂടെ രക്ഷിച്ചു. 250പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നാല് മൃതശരീരങ്ങൾ കണ്ടെടുത്തു. പുത്തുമലയിലേക്കുള്ള തകർന്ന റോഡുകൾ സൈന്യം ഗതാഗതയോഗ്യമാക്കുകയാണ്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പുത്തുമലയിലെ ചെറിയ ഗ്രാമത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.. ഇവർക്ക് സൈന്യം ഭക്ഷണമെത്തിച്ചെങ്കിലും വെള്ളം കുത്തിയൊഴുകുന്നതിനാൽ രക്ഷിക്കാനായില്ല. ജലനിരപ്പ് താണാൽ ഇന്ന് രക്ഷിക്കും, അല്ലെങ്കിൽ എയർലിഫ്‌റ്റിംഗ് നടത്തും.
കനത്തമഴയും മണ്ണിടിച്ചിലും തുടരുന്ന, വയനാട്ടിൽ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്രി കോപ്സാണ് രക്ഷാദൗത്യം നടത്തുന്നത്. കണ്ണൂരിലെ ഇരിട്ടിയിലും കോഴിക്കോട്ടും താമരശേരിയിലും വയനാട്ടിലെ കൽപ്പറ്റയിലും മേപ്പാടിയിലും ആറ് കോളം സൈനികരെ നിയോഗിച്ചു. ഒരു ഓഫീസർ, മൂന്ന് ജൂനിയർകമ്മിഷൻഡ് ഓഫീസർമാർ, 55സൈനികർ എന്നിവർ ഉൾപ്പെടുന്നതാണ് ഒരു കോളം. കണ്ണൂരിലെ ലഫ്.കേണൽ അരുൺ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടകിലെ വിരാജ്‌പേട്ടിലും രക്ഷാപ്രവർത്തനം നടത്തുന്നത്. തിരുവനന്തപുരം പാങ്ങോട് കരസേനാസ്റ്റേഷനിൽ നിന്ന് 62സൈനികർ വീതമുള്ള മൂന്നുകോളം സൈന്യത്തെ രക്ഷാദൗത്യത്തിനയച്ചു. ലഫ്.കേണലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആലപ്പുഴയിലേക്കും മേജർമാരുടെ നേതൃത്വത്തിലുള്ള ഓരോ സംഘങ്ങളെ പത്തനംതിട്ടയിലേക്കും എറണാകുളത്തേക്കുമാണ് അയച്ചത്. കരസേനാ സ്റ്റേഷനിൽ രണ്ടുകോളം സൈന്യത്തെ സജ്ജരാക്കി നിറുത്തിയിട്ടുണ്ട്.
കരസേന
ബംഗളുരുവിലെ കേരള-കർണാടക സബ് ഏരിയയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഭോപ്പാൽ, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്ന് എൻജിനിയറിംഗ് ടാസ്ക് ഫോഴ്സ് പ്രത്യേകവിമാനത്തിൽ കോഴിക്കോട്ടെത്തി. പ്രളയത്തിൽ തകർന്ന പാലങ്ങളും റോഡുകളും പുനർനിർമ്മിച്ച്, രക്ഷാദൗത്യത്തിന് പിന്തുണ നൽകുകയാണ് ചുമതല. വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ സൈന്യത്തെ അയച്ചു. മദ്രാസ് റജിമെന്റിൽ നിന്ന് രണ്ടുകോളം സൈന്യത്തെയും പ്രളയമേഖലകളിലേക്കയച്ചു. വയനാട്ടിൽ രാത്രിയിലും രക്ഷാദൗത്യം തുടരുകയാണ്.
വ്യോമസേന
ദക്ഷിണ വ്യോമസേനയുടെ എല്ലാ എയർബേസുകളിലും ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം ആക്കുളത്തെ ദക്ഷിണവ്യോമസേനാ കേന്ദ്രമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കോയമ്പത്തൂരിലെ സുളൂർ വ്യോമസേനാ കേന്ദ്രത്തിൽ 12ഹെലികോപ്ടറുകൾ സജ്ജമാക്കി. പ്രതികൂല കാലാവസ്ഥയിലും പറക്കാവുന്ന എം.ഐ-17വി5, എ.എൽ.എച്ച് ഹെലികോപ്ടറുകളുമുണ്ട്. എയർലിഫ്‌റ്റിംഗ് അടക്കമുള്ള രക്ഷാദൗത്യത്തിനും ഭക്ഷണവിതരണത്തിനും വ്യോമസേന സജ്ജമായിട്ടുണ്ട്. ദക്ഷിണവ്യോമസേനാ മേധാവി എയർമാർഷൽ ബി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മൂന്ന് ട്രാൻസ്പോർട്ട് വിമാനങ്ങളും രക്ഷാദൗത്യത്തിനയച്ചു. വ്യോമസേനയുടെ മെഡിക്കൽ സംഘങ്ങളെ സജ്ജരാക്കി. എയർലിഫ്‌റ്റിംഗിന് റെസ്ക്യൂ ബാസ്കറ്റുകളെത്തിച്ചു.
കോസ്റ്റ്‌ഗാർഡ്
കോസ്റ്റ്‌ഗാർഡിന്റെ 16സംഘങ്ങൾ രക്ഷാദൗത്യത്തിനുണ്ട്. കോഴിക്കോട്ടെ കാരശേരി, മലപ്പുറത്തെ വാഴക്കാട് എന്നിവിടങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയ 570പേരെ കോസ്റ്റ്‌ഗാർഡ് ഡിസാസ്റ്റർ റെസ്പോൺസ് ടീം രക്ഷിച്ചു. കൂടുതൽ റെസ്ക്യൂബോട്ടുകളും ജെമിനിബോട്ടുകളും ലൈഫ്ജാക്കറ്റുകളും കോസ്റ്റ്‌ഗാർഡ് എത്തിച്ചു. ബേപ്പൂരിൽ കുടുങ്ങിപ്പോയ 550പേരെ കോസ്റ്റ്‌ഗാർഡ് കരയ്ക്കെത്തിച്ചു. കൊച്ചിയിൽ പത്തും വിഴിഞ്ഞത്ത് മൂന്നും കോസ്റ്റ്‌ഗാർഡ് സംഘങ്ങളുണ്ട്. കാരശേരിയിൽ ഡിങ്കിബോട്ടുകളിറക്കി കോസ്റ്റ്‌ഗാർഡ് പ്രളയത്തിൽ കുടുങ്ങിപ്പോയവരെ രക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കൊച്ചിയിൽ പത്ത് കോസ്റ്റ്‌ഗാർഡ് സംഘങ്ങളാണ് രക്ഷാദൗത്യത്തിനുള്ളത്.