1

തിരുവനന്തപുരം: മൂന്നു ദിവസമായി തുടരുന്ന കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയുടെ പലഭാഗത്തും നാശം വിതച്ചു. ശക്തമായ കാ​റ്റിലും മഴയിലും മലയോരമേഖലകളിലും തീരദേശങ്ങളിലുമാണ് കൂടുതൽ നാശം സംഭവിച്ചത്. വിവിധ താലൂക്കുകളിലായി നാലു വീടുകൾ പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു. ആറു കുടുംബങ്ങളിലെ 19 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാ​റ്റിപ്പാർപ്പിച്ചു. മഴക്കെടുതി നേരിടാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിച്ചു. 30.96 മില്ലിമീറ്റർ മഴയാണ് ഇന്നലെ ജില്ലയിൽ ലഭിച്ചത്. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാ​റ്റിലും മഴയിലും കാട്ടാക്കട താലൂക്കിലെ വിളവൂർക്കൽ വില്ലേജ് പരിധിയിൽ മൂന്നു വീടുകൾ തകർന്നു. നെയ്യാ​റ്റിൻകര താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നു.വിളവൂർക്കലിലെ ആറു കുടുംബങ്ങളെ കുരിശുമുട്ടം വായനശാലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാ​റ്റി. എട്ട് സ്ത്രീകളും നാല് കുട്ടികളുമടക്കം 19 പേരാണ് ഈ ക്യാമ്പിലുള്ളത്. നഗരത്തിൽ കനത്ത നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വേട്ടമുക്ക് ജംഗ്ഷനിൽ വലിയ അക്കേഷ്യ മരം ഒടിഞ്ഞ് വൈദ്യുത പോസ്റ്റിൽ വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റ് രണ്ടായി ഒടിഞ്ഞതിനാൽ വൈദ്യുതി ബന്ധം തടസപ്പെട്ടു. പബ്ലിക് ഓഫീസ് വളപ്പിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണെങ്കിലും നാശനഷ്ടങ്ങളൊന്നുമില്ല. വഞ്ചിയൂർ യു.പി സ്കൂൾ കോമ്പൗണ്ട്,​ പേരൂർക്കട കാടുവെട്ടി റോഡ്,​ കഴക്കൂട്ടം വെട്ടുറോഡ് എന്നിവിടങ്ങളിലും മരം ഒടിഞ്ഞുവീണു.

ജാഗ്രത പാലിക്കണം

മഴ തുടരുന്നതിനാലും നദികളിലെ നീരൊഴുക്ക് വർദ്ധിച്ചിട്ടുള്ളതിനാലും നദീതീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. നദിയിൽ കുളിക്കുന്നതും തുണിയലക്കുന്നതും ഒഴിവാക്കണം. മഴക്കെടുതി സംബന്ധിച്ച് തെ​റ്റായ വിവരങ്ങൾ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും കളക്ടർ അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.

 കൺട്രോൾ റൂം നമ്പരുകൾ

അപകട സാഹചര്യങ്ങളിൽ ജനങ്ങൾക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെടാം. നമ്പരുകൾ: 0471 2730045, വാട്സ് ആപ്പ്: 9497711281, ജില്ലാ കളക്ടറേറ്റ്: 1077, സംസ്ഥാന കൺട്രോൾ റൂം: 1070.

 അടിയന്തര സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥർ ഓഫീസിലെത്തണമെന്ന് കളക്ടർ

അടിയന്തര സാഹചര്യമുണ്ടായാൽ അവധി ദിവസങ്ങളിലും ജോലിക്ക് ഹാജരാകാൻ എല്ലാ ഉദ്യോഗസ്ഥരും തയ്യാറായിരിക്കണമെന്ന് കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. റവന്യൂ, തദ്ദേശ സ്വയംഭരണം, എൻജിനിയറിംഗ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

 ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം

ജില്ലയിലെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയിൽ മൃഗസംരക്ഷണ മേഖലയിലുള്ള കർഷകരെ സഹായിക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ നമ്പർ: 0471 2302643

 കളക്‌ഷൻ സെന്ററുകൾ ആരംഭിച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം കനത്ത നാശം വിതച്ച സാഹചര്യത്തിൽ സഹായമെത്തിക്കുന്നതിനായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കളക്‌ഷൻ സെന്ററുകൾ ആരംഭിച്ചു. നഗരസഭയുടെ കീഴിൽ നഗരസഭ മെയിൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്റർ തുടങ്ങിയിട്ടുണ്ട്. ആവശ്യമായ സാധനങ്ങൾ സംബന്ധിച്ചുള്ള വിവരം മേയറുടെ ഫേസ്ബുക്ക് പേജിൽ അപ്ഡേറ്റ് ചെയ്യും. കാര്യവട്ടം കാമ്പസ്, തൈക്കാട് ഭാരത് ഭവനിലെ യുവജനക്ഷേമ ബോർഡിന്റെ സെന്റർ, പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്, ലാ കോളേജ്, കേശവദാസപുരം കേദാരം കോംപ്ലക്സിന് എതിർവശം, ടെക്നോപാർക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെന്ററുകൾ ആരംഭിച്ചു.