തിരുവനന്തപുരം:അറബിക്കടലിൽ കേരള തീരത്തുണ്ടായ ശക്തമായ മഴമേഘക്കാറ്റിന്റെ ഫലമായി വ്യാഴാഴ്‌ച ആരംഭിച്ച കനത്ത മഴ ഇന്നുകൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, ആലപ്പുഴ, കാസർകോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ജലംനിറഞ്ഞ കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് 100 മുതൽ 150 എം.എം. വരെ കനത്ത മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ദുർബലമായിരിക്കും.
കേരള തീരത്ത് തെക്കുനിന്ന് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ 3.2 മീറ്റർ മുതൽ 3.7 വരെ ഉയർന്നേക്കും. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുത്.
മഴയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ട്. അത് ശക്തിപ്പെടുന്നതും അതിന്റെ നീക്കവും അനുസരിച്ചേ കൂടുതൽ മഴയുണ്ടാകുമോ എന്ന് അറിയാനാവൂ.