പാലോട്: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പതിനഞ്ചടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരിക്ക്. താഴെയുള്ള വീടിന് മുകളിലേക്ക് ബസ് വീഴാതെ മരങ്ങൾ രക്ഷിച്ചതോടെയാണ് വൻദുരന്തം ഒഴിവായത്. ചെങ്കോട്ട - തിരുവനന്തപുരം ഹൈവേയിൽ പാലോട് ചിപ്പൻചിറയ്ക്ക് സമീപം ഏറേകരിമൺകോട് വളവിലാണ് സംഭവം. യാത്രക്കാരായ 40 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്ന് നെടുമങ്ങാട്ടേക്ക് പുറപ്പെട്ട ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. കൊടുംവളവ് തിരിഞ്ഞുവന്ന ബസ് പെട്ടെന്ന് നിയന്ത്രണം തെറ്റി റോഡിന്റെ ഇടതുവശത്തെ കുഴിയിലുള്ള അമീർ മൻസിലിൽ നാസിമുദീന്റെ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. ഇരമ്പിപ്പാഞ്ഞുവന്ന ബസ് വീടിന് മുന്നിലുള്ള രണ്ട് ആഞ്ഞിലി മരങ്ങൾക്ക് ഇടയിൽപ്പെട്ടതാണ് രക്ഷയായത്. വീടിനു പിറകിലെ മരത്തിൽ ഇടിച്ചുനിന്ന ബസ് കെട്ടിടത്തിലേക്ക് ചരിയാതെ മുൻവശത്തെ മറ്റൊരു മരത്തിൽ തട്ടിനിൽക്കുകയായിരുന്നു. ഈ സമയം നാസിമുദീന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ട് അവർ പുറത്തേക്ക് ഓടുകയായിരുന്നു. തടിച്ചുകൂടിയ നാട്ടുകാർ ബസിനെ വടം കൊണ്ട് മരങ്ങളിൽ വലിച്ചു കെട്ടി. സാരമായി പരിക്കേറ്റ എട്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും 22 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രണ്ടു മണിക്കൂറിനു ശേഷം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ ക്രെയിനുകൾ ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്. ഹൈവേയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയവർ
പാലോട് സ്വദേശികളായ സീന (42), മനു(17), കൊല്ലായിൽ രജിൻ (23), സുധ (53), വലിയവയൽ റീന (19), വട്ടക്കരിക്കകം വിജയകുമാരി (47), വേങ്കല്ല സ്വദേശികളായ നവാസ് (41), ഹനൂബിൻ (65), അജ്ഞാതനായ പുരുഷൻ എന്നിവർ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയവർ
വേങ്കൊല്ല സ്വദേശികളായ നവാസ് (41), ഹാലുദ്ദീൻ (65), ഇലവുപാലം പ്രഭ (45), പാലോട് സ്വദേശികളായ ദീപിക (26), ശരണ്യ (23), അനൂപ് (35), ശ്യാമള (60), ജവഹർ കോളനി സ്വദേശികളായ അഖിൽ (20), വിജയൻ (55), കുളത്തുപുഴ സ്വദേശികളായ അൻസി (31), നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ വനിത സിവിൽ പൊലീസ് ഓഫീസർ സുധീന ബീവി (45), കടയ്ക്കൽ ബാബു (47), ഇലവുപാലം സ്വദേശികളായ ചൈതന്യ (33), ഫിറോസ് (32), രമ (45), സന്ധ്യ (36), ഇടക്കോളനി സ്വദേശികളായ ശ്രീമതി (51), ശ്രീലക്ഷ്മി (18), മടത്തറ സാവിത്രി (48), ഇടമല കോളനിയിൽ ബിന്ദു (32), എക്സ് കോളനി സുധാംബിക (57), അടപ്പുപാറ രവീന്ദൻ (62).
ആശുപത്രിയിൽ അതിവേഗ സൗകര്യമൊരുക്കി
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെയും പാലോട് സി.എച്ച്.സിയിലെയും ഡോക്ടർമാരും ജീവനക്കാരും പരിക്കേറ്റവരെ പരിചരിക്കാൻ ഉടൻ സജ്ജരായി. എല്ലാവരെയും അതിവേഗം ആശുപത്രികളിലെത്തിച്ച് നന്ദിയോട്, പാലോട് ഭാഗങ്ങളിലെ സ്വകാര്യ ആംബുലൻസുകളും മാതൃകയായി. ആംബുലൻസുകൾക്ക് വഴിയൊരുക്കി പൊലീസുകാരും ഉണർന്നു പ്രവർത്തിച്ചു.