തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്യുന്ന മഴയേക്കാൾ കൂടുതൽ വെള്ളം അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഒഴുകിയെത്തുന്നത് വയനാട്ടിലും മലപ്പുറത്തും മറ്റും ഭീഷണിയാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിലെ കോണ്ടൂർ- ആളിയാർ കനാലിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നത് വെള്ളം ക്രമാതീതമായി ഉയരാൻ കാരണമായിട്ടുണ്ട്. കോണ്ടൂർ- ആളിയാർ കനാൽ അടിയന്തരമായി പ്രവർത്തനക്ഷമമാക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.
തുടർച്ചയായി അതിശക്തമായ മഴ പെയ്യുന്നത് ഉരുൾപൊട്ടൽ സാദ്ധ്യതയും വർദ്ധിപ്പിക്കും. അതുകൊണ്ട് അസാധാരണമായ ഇടപെടലുകൾ നടത്തി മുൻകരുതലുകൾ ഉറപ്പാക്കാൻ വിവിധ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ താലൂക്ക് തലം വരെ കൺട്രോൾ റൂമുകൾ സദാ സജ്ജമായിരിക്കും.
അതിതീവ്ര മഴയാണെങ്കിലും കഴിഞ്ഞ തവണത്തേത് പോലെയുള്ള പ്രളയസ്ഥിതി ഇല്ലെന്നാണ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനർത്ഥം മുൻകരുതലിൽ അയവ് വരുത്താം എന്നല്ല. കഴിഞ്ഞവർഷത്തെ അനുഭവത്തിലൂടെ സ്വായത്തമാക്കിയ മുൻകരുതലുകൾ സ്വീകരിക്കും. ഇന്ന് കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയാനിടയുണ്ടെങ്കിലും വീണ്ടും മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ആഗസ്റ്റ് 15 കഴിഞ്ഞാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ തീരമേഖലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണം.
വയനാട്ടിലെ മേപ്പാടിയിലാണ് ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായത്. രണ്ട് കുന്നുകൾക്കിടയിലുള്ള ഭാഗം പൂർണ്ണമായി ഒലിച്ചുപോയി. ഗതാഗതം പൂർണമായി തടസപ്പെട്ടത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. വ്യോമസേനയുടെ സേവനം അഭ്യർത്ഥിച്ചു. ദേശീയ ദുരന്തപ്രതികരണ സേന, ഫയർഫോഴ്സ്, പൊലീസ്, വനം ഉൾപ്പെടെയുള്ള വിദഗ്ദ്ധ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും മേപ്പാടിയിലുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള യന്ത്രോപകരണങ്ങളുടെ ക്ഷാമം പരിഹരിക്കും. ഉരുൾപൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവർ ഒറ്റപ്പെട്ടിട്ടുണ്ട്. അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്രും.
58ജലവിതരണ പദ്ധതികൾ തടസപ്പെട്ടു
ജല അതോറിറ്റിയുടെ 58 പദ്ധതികൾ തടസപ്പെട്ടു. 1,66,000 കുടിവെള്ള കണക്‌ഷനുകളെ ഇത് ബാധിച്ചു. വെള്ളം ഇറങ്ങിയാലേ ഇവയുടെ അറ്റകുറ്റപ്പണി സാദ്ധ്യമാകൂ. ഇവിടങ്ങളിൽ ടാങ്കറുകൾ ഏർപ്പെടുത്തും. കൊച്ചി വിമാനത്താവളം അടച്ചതിനാൽ തിരുവനന്തപുരത്ത് വിമാനം ഇറക്കും ഇവിടെ ഇറങ്ങുന്നവർക്ക് കെ.എസ്.ആർ.ടി.സി യാത്രാസൗകര്യമൊരുക്കും. കൊച്ചി നേവൽ ബേസ് വിമാനത്താവളത്തിന്റെ സൗകര്യവും അഭ്യർത്ഥിച്ചു. ദുരന്ത മേഖലകളിൽ വാർത്താവിനിമയം തകരാറിലായതിനാൽ വയർലസ്, പോർട്ടബിൾ മൊബൈൽ ടവറുകൾ എന്നിവ ക്രമീകരിക്കും. പ്രതിരോധ സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ചീഫ്സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മേപ്പാടിയിൽ മെഡിക്കൽസംഘം
മേപ്പാടിയിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് മരുന്നും ഭക്ഷണവുമെത്തിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. രക്ഷാപ്രവർത്തനത്തിന് സർക്കാർ മാത്രം പോരാ. നാടാകെ രംഗത്തിറങ്ങണം. കഴിഞ്ഞ പ്രളയത്തിന്റെ ദൃശ്യം മാദ്ധ്യമങ്ങൾ കാണിച്ച് ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.