തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷനിലെ എക്സിക്യൂട്ടിവ് അംഗങ്ങൾ തമ്മിലടിച്ചു. പൊതുഭരണവകുപ്പിലെ കമ്പ്യൂട്ടർ അസിസ്റ്റന്റായ രാജേഷും റവന്യൂ വകുപ്പിലെ ഓഫീസ് അറ്റൻഡറായ സതികുമാറുമാണ് മുതിർന്ന നേതാക്കളുടെ മുന്നിൽ തമ്മിലടിച്ചത്. കൈയാങ്കളിക്കൊടുവിൽ സതികുമാർ, രാജേഷിന്റെ കരണത്തടിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയ രാജേഷ് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് പരാതി നൽകി. ഇന്നലെ രാവിലെ യൂണിയൻ ഓഫീസിൽ മുതിർന്ന നേതാക്കളുടെ കൺമുന്നിൽ വച്ചായിരുന്നു സംഭവം. ഏറ്റവും ഒടുവിൽ ചേർന്ന യൂണിയൻ കോൺഫറൻസിൽ രാജേഷ് അസോസിയേഷനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിനെ സതികുമാർ ചോദ്യം ചെയ്യുകയും ചെറിയതോതിൽ വാക്കേറ്റവുമുണ്ടായിരുന്നു. ഇന്നലെ രാവിലെ രാജേഷ് യൂണിയൻ ഓഫീസിൽ എത്തിയതിന് പിന്നാലെ സതികുമാറും അവിടെയെത്തി. 'നീ സംഘടനയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുമല്ലേടാ എന്നുചോദിച്ചുകൊണ്ട് യാതൊരു പ്രകോപനവും ഇല്ലാതെ സതികുമാർ രാജേഷിന്റെ കരണത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ രാജേഷിന്റെ കണ്ണട പൊട്ടിച്ചിതറി. കവിളിൽ നീരുവച്ചു. സതികുമാർ തന്നെ അസഭ്യം പറഞ്ഞതായും രാജേഷ് പരാതിയിൽ ആരോപിച്ചു. പ്രശ്നം വഷളായിട്ടും നേതാക്കളാരും തന്നെ ഇടപെട്ടില്ല. രണ്ട് മാസം മുമ്പ് നിയമവകുപ്പിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രസിഡന്റിനെ എംപ്ളോയീസ് അസോസിയേഷൻ പ്രസിഡന്റ് കരണത്തടിച്ചിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.