നെടുമങ്ങാട് : കർണാടകയിലെ ഡിസ്റ്റിലറിയിൽ നിന്ന് വ്യാജ നമ്പർ പതിച്ച ലോറിയിൽ 1200 കെയ്സ് ബിയർ കയറ്റി വന്ന ലോറിയും ഡ്രൈവറും നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. കാസർകോട് ആർ.ഡി നഗർ കേളുഗുഡൈ റോഡിൽ കൃഷ്ണ വിലാസം വീട്ടിൽ നിന്ന്, ഗോവയിലെ ടിസ്ക എന്ന സ്ഥലത്ത് സ്വകാര്യ ട്രാൻസ്പോർട്ട് ഓഫീസിൽ താമസിക്കുന്ന എൻ. അംബുജാക്ഷൻപിള്ള (62) ആണ് അറസ്റ്റിലായത്. നാലു വർഷമായി ഓടിച്ചിരുന്ന ലോറിയുടെ നമ്പർ പ്ലേറ്റ് ഉടമ അറിയാതെ മാറ്റി, കർണാടകയിൽ മുമ്പ് ഡ്രൈവറായി ജോലി നോക്കിയിരുന്ന കമ്പനിയുടെ നമ്പർ പതിച്ചാണ് ഇയാൾ സർവീസ് നടത്തിയിരുന്നത്. പഴയ ലോറിയുടെ രേഖകൾ കൈവശപ്പെടുത്തി അസലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെർമിറ്റു നേടി കർണാടക ഡിസ്റ്റിലറിയിൽ നിന്ന് ബിയർ കയറ്റി വയനാട് ചെക്ക്പോസ്റ്റ് വഴി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് നെടുമങ്ങാട്ടെ സ്റ്റേറ്റ് വെയർ ഹൗസിൽ എത്തിയപ്പോൾ ഡിവൈ.എസ്.പി അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ,എ.എസ്.ഐ മുഹമ്മദ് റാഫി, സി.പി.ഒ ബിജു, സുലെമാൻ, രജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.