തിരുവനന്തപുരം : ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാദ്ധ്യതാ പ്രദേശങ്ങളിലെ ജനങ്ങൾ രക്ഷാഭടന്മാരുടെയും അധികൃതരുടെയും അഭ്യർത്ഥന മാനിച്ച് തൽക്കാലം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
ഇന്നലെ വൈകിട്ട് ഉന്നതതല അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത ഭീഷണിയുള്ള വയനാട്ടിലെ ഒന്നര ലക്ഷം പേരെ ഉടൻ മാറ്റിപ്പാർപ്പിക്കാൻ യോഗത്തിൽ ധാരണയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. ഒഡിഷയിൽ സമാന സാഹചര്യത്തിൽ രണ്ട് ലക്ഷം പേരെ ഒഴിപ്പിച്ചതാണ് ഇതിന് മാതൃകയാക്കുന്നത്.
മാറുന്നവർക്ക് സുരക്ഷിതമായി കഴിയാൻ എല്ലാ സജ്ജീകരണങ്ങളുമുള്ള ക്യാമ്പുകൾ ഇന്ന് രാവിലെ മുതൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവർ, രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് പരിഗണന ഉറപ്പാക്കും. പൊലീസുൾപ്പെടെ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് നീങ്ങും. ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ബഹുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ മാറ്റിപ്പാർപ്പിക്കൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും രാമചന്ദ്രൻ കടന്നപ്പള്ളിയും എ. കെ. ശശീന്ദ്രനും ജില്ലയിലെ ജനപ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്തു. എല്ലാവരും ഇതിനോട് യോജിച്ചിട്ടുണ്ട്. മാറിത്താമസിപ്പിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കാൻ മാദ്ധ്യമങ്ങളുടെ സഹകരണവും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വയനാട്ടിൽ പലേടത്തും കഴിഞ്ഞ മഹാപ്രളയത്തിലേതിനേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയിട്ടുണ്ട്. ബാണാസുരസാഗർ അണക്കെട്ട് തുറക്കുമ്പോൾ ഇനിയും വെള്ളമുയരും. കർണാടകയിൽ നിന്ന് വലിയതോതിൽ ഇവിടേക്ക് വെള്ളം എത്തുന്നു. പോരാത്തതിന് വയനാട്ടിൽ അതിതീവ്രമഴയാണ്. ഉരുൾപൊട്ടൽ ഭീഷണിയും രൂക്ഷമാണ്. ഈ രണ്ട് അപകടസാദ്ധ്യതകളും കണക്കിലെടുത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് മുന്തിയ പരിഗണന. കഴിഞ്ഞ വർഷം ബാണാസുരസാഗർ അണക്കെട്ട് തുറന്നപ്പോൾ വലിയ പരിഭ്രാന്തി കണ്ടു. അതിനേക്കാൾ രൂക്ഷമാണ് ഇത്തവണത്തെ സ്ഥിതി.
ഒരു പ്രദേശത്ത് നിന്ന് മാറാൻ അഭ്യർത്ഥിക്കുമ്പോൾ കുറച്ചുപേർ മാറുന്നുണ്ടെങ്കിലും മറ്റുള്ളവർ ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിൽ അവിടെ തന്നെ തങ്ങാനൊരുങ്ങുന്നു. അപകടമുണ്ടായാലും ഇല്ലെങ്കിലും എല്ലാവരുടെയും ജീവൻ ആശങ്കയിലാകുമ്പോൾ മുൻകരുതലുകൾ പ്രധാനമാണ്. എന്തെങ്കിലും സംഭവിച്ചാലുള്ള ആപത്ത് തടയാനാവില്ല. അതുകൊണ്ടാണ് മാറിത്താമസിക്കണമെന്ന് അഭ്യർത്ഥിക്കുന്നത്.
കവളപ്പാറ ദുരന്തം നിർഭാഗ്യകരം
നിലമ്പൂർ കവളപ്പാറയിലെ ഉരുൾപൊട്ടൽ ദുരന്തം നിർഭാഗ്യകരമായി. അധികൃതരുടെ അഭ്യർത്ഥന മാനിച്ച് അവിടത്തെ 17 കുടുംബങ്ങൾ മാറിത്താമസിച്ചു. മറ്റുള്ളവർ സുരക്ഷിതമെന്ന് വിശ്വസിച്ച് മാറിയില്ല. വീട് പ്രധാനമാണെങ്കിലും അപകടം ഒഴിവാക്കാൻ വിവേകപൂർവം മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.