kurishumuttam

മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിെലെ കുരിശുമുട്ടത്ത് ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. മരങ്ങൾ കടപുഴകി അഞ്ച് വീടുകൾ തകർന്നു. ഷീറ്റിട്ട വീടുകളുടെ മേൽക്കൂര പറന്നുപോവുകയും വീടുകളുടെ മുകളിൽ മരങ്ങൾ വീണ് വീട് തകരുകയും ചെയ്‌തു. കാട്ടാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരങ്ങൾ മുറിച്ചുമാറ്റി വീട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് തകർന്ന അ‌ഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ കെ.എസ്.ഇ ബി അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. സി.എൻ. ബൈജു, ജോൺസൺ, എം. അബ്ദുൾസലാം, ഗോഡ്വിൻ, എൽസി എന്നിവരുടെ വീടുകളാണ് തകർന്നത്. ഇവരുടെ കുടുംബാംഗങ്ങളെ വിജ്ഞാന കൈരളി ഗ്രന്ഥശാല, കുരിശുമുട്ടം അംഗൻവാടി എന്നിവിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനിൽകുമാർ (വിളവൂർക്കൽ ഉണ്ണി), നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി എന്നിവരുടെ നേതൃത്വത്തിൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.