തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ ഇടിച്ചിട്ട കാറോടിച്ചത് താനാണെന്നും പിന്നീട് നടന്നതൊന്നും ഓർമ്മയില്ലെന്നും പ്രത്യേക പൊലീസ് അന്വേഷണ സംഘത്തിന് ശ്രീറാം വെങ്കിട്ടരാമൻ മൊഴി നൽകി.
കാറോടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ല. അപകടം എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. അപകടവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഓർമ്മയില്ലെന്നാണ് ശ്രീറാമിന്റെ മൊഴി.അപൂർവമായ മറവിരോഗം ബാധിച്ചെന്ന കള്ളക്കളി നടത്തുകയാണ് ശ്രീറാം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായത്തോടെയാണിത്
കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനേയും നാർകോട്ടിക് സെൽ അസി.കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ചോദ്യം ചെയ്തു. ഇവരുടെ പട്ടം മരപ്പാലത്തെ ഫ്ളാറ്റിലെത്തിയാണു മൊഴി രേഖപ്പെടുത്തിയത്.ശ്രീറാം വെങ്കിട്ടരാമൻ വാട്സ്ആപ് സന്ദേശത്തിലൂടെ കാറുമായി എത്താൻ നിർദേശിച്ചതിനെ തുടർന്നാണ് കവടിയാറിലെത്തി ശ്രീറാമിനെ കൂട്ടിയതെന്നു വഫ ഫിറോസ് മൊഴി നൽകി. ശ്രീറാം മദ്യപിച്ചിരുന്നെന്ന മൊഴി വഫ ഫിറോസ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലും ആവർത്തിച്ചു. രാത്രി 12.45നോടെയാണ് വാട്സ്ആപിൽ ശ്രീറാമിന്റെ സന്ദേശമെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു കാറുമായി കവടിയാറിലെത്തിയത്. ആദ്യം താനായിരുന്നു കാർ ഓടിച്ചിരുന്നത്. പിന്നീടാണ് വാഹനം ഓടിക്കാമെന്നു ശ്രീറാം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് സീറ്റിൽ നിന്നു മാറിയത്. ശ്രീറാം വാഹനം ഓടിച്ച ശേഷം മിനിറ്റുകൾക്കുള്ളിൽ അപകടമുണ്ടായതായും വഫ പറഞ്ഞു. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനം ഓടിച്ചിരുന്നത്. അപകടമുണ്ടായ ശേഷം അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ ശ്രീറാമും താനും ശ്രമം നടത്തിയതായും വഫ അറിയിച്ചു.
ഫിംഗർ പ്രിന്റ് വിദഗ്ധർ ഇന്നലെ ശ്രീറാമിന്റെ വിരലടയാളം ശേഖരിച്ചു. കാറിൽ നിന്നു കണ്ടെടുത്ത വിരലടയാളങ്ങളുമായി ഇത് ഒത്തു നോക്കേണ്ടതുണ്ട്. വിരലടയാളമെടുക്കാൻ നേരത്തെ ശ്രീറാമും ഡോക്ടർമാരും വിസമ്മതിച്ചിരുന്നു. ശ്രീറാമിനെ പരുക്കുകളോടെ എത്തിച്ചപ്പോൾ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്നു ജനറൽ ആശുപത്കിയിലെ ഡോ. രാകേഷും മൊഴി നൽകിയിരുന്നു. സസ്പെൻഷനിലുള്ള മ്യൂസിയം എസ്.ഐ ജയപ്രകാശ്, ഇൻസ്പെക്ടർ ജെ. സുനിൽ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.