തിരുവനന്തപുരം: വെള്ളപ്പൊക്കം കാരണം നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാൽ, 25 അന്താരാഷ്ട്ര വിമാന സർവീസുകൾ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. കരിപ്പൂരിലിറങ്ങേണ്ട ചില വിമാനങ്ങളും തിരുവനന്തപുരത്തേക്കെത്തി. നിരവധി വിമാനങ്ങൾ ഒന്നിനു പിറകെ ഒന്നായി എത്തിയതോടെ വൻ തിരക്കായിരുന്നു ഇന്നലെ വിമാനത്താവളത്തിൽ. 11വരെയാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചിടുന്നത്.

ദോഹയിലേക്കുള്ള ഖത്തർ എയർവെയ്സിന്റെ നാല് സർവീസുകൾ, ദുബായിലേക്കും തിരിച്ചുമുള്ള എമിറേറ്റിസിന്റെ 4 സർവീസുകൾ, അബുദാബിയിലേക്കുള്ള എത്തിഹാദിന്റെ രണ്ട് സർവീസ്, ഗൾഫിലേക്കുള്ള എയർഇന്ത്യയുടെ ആറ് സർവീസുകൾ, എയർഇന്ത്യാ എക്സ്‌പ്രസിന്റെ മൂന്ന് അറൈവൽ, രണ്ട് ഡിപ്പാർച്ചർ സർവീസുകളാണ് വഴിതിരിച്ചുവിട്ടത്. ഡൽഹിയിൽ നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനം കൊച്ചി ഒഴിവാക്കി തിരുവനന്തപുരം- ഡൽഹി സർവീസാണ് നടത്തിയത്. വിസ്താര അടക്കമുള്ള ആഭ്യന്തര സർവീസുകൾ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകളും വഴിതിരിച്ചുവിട്ടു.