തിരുവനന്തപുരം: തുടർച്ചയായുള്ള അവധി ദിനങ്ങൾ കാരണം അവധിയെടുത്ത ജീവനക്കാർ അത് റദ്ദാക്കി ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മനസിലാക്കി കർമ്മനിരതരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
വടക്കൻജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. മലപ്പുറം നിലമ്പൂർ പോത്തുകല്ല് ഭൂതാനംമുത്തപ്പൻ മല ഉരുൾപൊട്ടലിൽ പിളർന്നു. മണ്ണിനടിയിൽ നാല്പത് പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുക്കാനായി. രണ്ട് പേരെ രക്ഷപ്പെടുത്താനായി. എൻ.ഡി.ആർ.എഫും ഫയർഫോഴ്സും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിലുണ്ട്. കാലാവസ്ഥയുടെ ദുഷ്കരസ്ഥിതി കാരണം രക്ഷാപ്രവർത്തനം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല. വയനാട്ടിലെ മേപ്പാടി പുത്തൂർമലയിൽ വൻ ഉരുൾപൊട്ടലാണുണ്ടായത്. ഒമ്പത് മൃതദേഹങ്ങളാണ് അവിടെ കണ്ടെടുത്തത്.
വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ പ്രളയത്തിലാണ് വലിയ വെള്ളപ്പൊക്കമുണ്ടായതെങ്കിൽ പലേടത്തും മഹാപ്രളയത്തിലേതിനെക്കാൾ അധികം വെള്ളം ഇപ്പോൾ പൊങ്ങിയിട്ടുണ്ട്.
12 ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങളെ ഇതിനകം വിവിധ ജില്ലകളിലായി വിന്യസിച്ചു. മലപ്പുറത്ത് രണ്ട്, വയനാട്ടിൽ മൂന്ന്, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽ ഓരോന്ന് വീതം എന്നിങ്ങനെ വിന്യസിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ആർമി യൂണിറ്റുകളെയും വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഡിഫൻസ് സർവീസിനെയും നിയോഗിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ മദ്രാസ് റെജിമെന്റിനെ നിയോഗിച്ചു. കൂടാതെ ഭോപ്പാൽ ഡിഫൻസ് എൻജിനിയറിംഗ് സർവീസ് സംസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുമുണ്ട്.
മഴയും മണ്ണിടിച്ചിലും മരങ്ങൾ വീഴുന്നതും കാരണം പല സ്ഥലത്തും ട്രെയിൻഗതാഗതം തടസപ്പെട്ടു. വഴിയിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാൻ നടപടിയെടുക്കും.
പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ തീരമേഖലയിൽ ജാഗ്രതാനിർദ്ദേശം നൽകി. കെ.എസ്.ഇ.ബിയുടെ ഏഴും ജലവിഭവ വകുപ്പിന്റെ ആറും ഡാമുകൾ തുറന്നു.
കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പിനനുസരിച്ച് നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും നമ്മൾ വല്ലാതെ പരിഭ്രാന്തിയിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ ചുമതല
ഇടുക്കി- സി. രവീന്ദ്രനാഥ്, വയനാട്- രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, കോഴിക്കോട്- ടി.പി. രാമകൃഷ്ണൻ, മലപ്പുറം- കെ.ടി. ജലീൽ, കണ്ണൂർ- ഇ.പി. ജയരാജൻ, തൃശൂർ- എ.സി. മൊയ്തീൻ, കോട്ടയം- പി. തിലോത്തമൻ, പത്തനംതിട്ട- കെ. രാജു, തൃശൂർ, എറണാകുളം- വി.എസ്. സുനിൽകുമാർ, കൊല്ലം- ജെ. മേഴ്സിക്കുട്ടി അമ്മ.