ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ ആരായിരിക്കുമെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്രിയിൽ തീരുമാനമുണ്ടാവും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് മേയ് 25നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജിവച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് ഇപ്പോൾ പ്രഥമ പരിഗണനയിലുള്ള നേതാവ്. മഹാരാഷ്ട്രയിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിൽ പെടുന്ന മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന സുശീൽകുമാർ ഷിൻഡെ, കർണാടകത്തിൽ നിന്നുള്ള പ്രമുഖ പട്ടിക ജാതി വിഭാഗം നേതാവും കഴിഞ്ഞ ലോക്സഭയിലെ കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാവുമായ മല്ലികാർജ്ജുന ഖാർഗെ എന്നിവരുടെ പേരും പറഞ്ഞുകേൾക്കുന്നു.
അതേസമയം യുവനേതാക്കളായ സച്ചിൻ പൈലറ്ര്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരിലൊരാളെ കോൺഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന് മുംബയിൽ നിന്നുള്ള യുവനേതാവ് മിലിന്ദ് ദേവ്റയെപ്പോലുള്ളവർ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് വർക്കിംഗ് കമ്മിറ്രി അംഗങ്ങളോടൊപ്പം പി.സി.സി അദ്ധ്യക്ഷന്മാർ, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാക്കൾ എന്നിവരടങ്ങിയ വിപുലീകൃത പ്രവർത്തകസമിതിയോഗവും ചേർന്നിരുന്നു. അതേസമയം പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രണ്ടര മാസമായി അദ്ധ്യക്ഷനില്ലാതെ കോൺഗ്രസിന്റെ പ്രവർത്തക സമിതി ഇതിനിടെ രണ്ടു തവണയാണ് യോഗം ചേർന്നത്. രാജീവ് ഗാന്ധിയുടെ 75 ാം ജന്മവാർഷികം ആഘോഷിക്കാനും 370ാം വകുപ്പ് നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പാർട്ടിയുടെ നലപാട് സ്വീകരിക്കാനും. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലേയും ജാർഖണ്ഡിലേയും ഹരിയാനയിലെയും നേതാക്കളും ആശങ്കയിലാണ്. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുപ്പ് ശക്തമായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോയില്ലെങ്കിൽ തിരിച്ചടി കിട്ടുമോ എന്നാണ് നേതാക്കളുടെ ആശങ്ക. അത് പരിഹരിക്കാനുള്ള ശ്രമം നേതൃത്വം സ്വീകരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
നെഹ്‌റു കുടുംബത്തിന് പുറത്തുള്ള നേതാവാണ് അദ്ധ്യക്ഷനായി വരുന്നതെങ്കിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാകുമോ എന്ന ആശങ്കയും ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. അതിനാൽ, പ്രിയങ്ക നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി വീണ്ടും അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാൽ, നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് അദ്ധ്യക്ഷൻ മതി എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽഗാന്ധി. ഇന്നത്തെ പ്രവർത്തക സമിതിയിൽ ഇക്കാര്യങ്ങളെക്കുറിച്ചും ചർച്ചയുണ്ടാവും. അതേസമയം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കുറച്ചുകൂടി ചർച്ചകൾ ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.