ന്യൂഡൽഹി: കഴിഞ്ഞ ദിവസം ജമ്മു കാശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ലഡാക്കിലെ ഒരു അതിവിശിഷ്‌ട ചെടിയെപ്പറ്റി പറയുകയുണ്ടായി. 'സോലോ' എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെടി ലഡാക്കിൽ കാണപ്പെടുന്നു എന്നാണ് മോദി പറഞ്ഞത്.
'സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ജനങ്ങൾക്ക് നിരവധി ഗുണങ്ങളുടെ കലവറയായ ഈ ഔഷധച്ചെടി ഒരു അനുഗ്രഹമാണ്. 'സോലോ' ലഡാക്കിലെ ജനതയുടെ സഞ്ജീവനിയാണ്. ഓക്‌സിജൻ കുറഞ്ഞ മേഖലകളിൽ പ്രതിരോധ ശേഷിയെ ശക്തിയോടെ നിലനിറുത്താൻ ഇത് സഹായിക്കുന്നു. ഇത് ലോകവിപണിയിലും എത്തിച്ചു കൂടേ?' എന്നാണ് മോദി ചോദിച്ചത്.
ഇതാണ് ആ സോലോ
റോഡിയോള റോസിയ എന്നയിനം ഔഷധച്ചെടിയുടെ പ്രാദേശിക നാമമാണ് സോലോ. ഇതിന്റെ ഇലകൾ പ്രദേശവാസികൾ ആഹാരമാക്കാറുണ്ട്. രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സഞ്ജീവനി എന്ന അത്ഭുതഔഷധത്തോടാണ് സോലോയെ താരതമ്യം ചെയ്യുന്നത്. സോലോ ഉപയോഗിച്ചുള്ള ചികിത്സാവിധികളെ കുറിച്ച് ലേയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ ആൾട്ടിറ്റ്യൂട്ട് റിസർച്ച് (ഡി.ഐ.എച്ച്.എ.ആർ) കഴിഞ്ഞ ഒരു ദശാബ്‌ദമായി പഠനം നടത്തി വരികയാണ്.
സോലോയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള സോലോയുടെ ശേഷി, കുറഞ്ഞ മർദ്ദത്തെയും കുറഞ്ഞ ഓക്‌സിജൻ ഉള്ള അന്തരീക്ഷത്തെയും അതിജീവിക്കാൻ സഹായകമാകും. വികിരണങ്ങളിൽ നിന്നും സംരക്ഷണമേകാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, വിഷാദം എന്നിവയ്‌ക്കും സോലോ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജമ്മു കാശ്‌മീരിലും ലഡാക്കിലും മാത്രം കണ്ടു വരുന്ന ഔഷധഗുണമുള്ള നിരവധി സസ്യങ്ങളിൽ ഒന്ന് മാത്രമാണിത്. ഇത്തരത്തിലുള്ള കൂടുതൽ ഔഷധസസ്യങ്ങളെ കണ്ടെത്തി വിപണിയിലെത്തിക്കുന്നത് വഴി കർഷകർക്കും ജനങ്ങൾക്കും ഒരുപോലെ ഗുണമുണ്ടാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും സ്പിരിച്വൽ, സാഹസിക, ഇക്കോ ടൂറിസങ്ങളുടെ അനന്തസാദ്ധ്യത ലഡാക്കിലുണ്ടെന്നും മോദി പറഞ്ഞിരുന്നു.