രണ്ടര പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ താരറാണിയായി തുടരുകയാണ് കജോൾ. പൂച്ചക്കണ്ണും മനോഹരമായ ചിരിയുമായി ബോളിവുഡ് നായികാ സങ്കൽപ്പത്തെ മാറ്റിമറിച്ചുകൊണ്ടാണ് ഈ ചുരുണ്ടമുടിക്കാരി താരറാണി പട്ടം സ്വന്തമാക്കിയത്. മൂത്ത മകൾ നൈസയുമൊത്ത് പോയാൽ സഹോദരിമാരാണെന്നെ ആരും പറയൂ. ഈ പ്രായത്തിലും താരസുന്ദരിയുടെ സൗന്ദര്യത്തിനു പിന്നിൽ ചിട്ടയായ ജീവിത രീതി തന്നെയാണ്. കജോൾ തന്നെയാണ് ആ രഹസ്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താരം തയാറാകില്ല. എട്ടു മണിക്കൂർ ഉറക്കം നിർബന്ധമാണ്. അത് എത്ര വലിയ തിരക്കിനിടെയാണെങ്കിലും ശരി. പച്ചക്കറികളടങ്ങിയ ഭക്ഷണത്തോടാണ് ഈ വംഗസുന്ദരിക്ക് പ്രിയം. ദിവസവും 10 ഗ്ളാസ് വെള്ളം അകത്താക്കും. മക്കൾക്കും ഈ രീതി തന്നെയാണ് കജോൾ ശീലിപ്പിച്ചിരിക്കുന്നത്. എത്രത്തോളം വെള്ളം ഉള്ളിൽ പോകുന്നോ അത്രയും തിളക്കം ചർമ്മത്തിനുണ്ടാകുമെന്നാണ് താരത്തിന്റെ അഭിപ്രായം. യോഗ മുടക്കാറില്ല. ശാന്തമായ മനസിന് എനർജി നിലനിറുത്താൻ കഴിയും. കൃത്യമായി വർക്കൗട്ട് നടത്തും. ആറുമാസത്തെ കഠിനമായ വർക്കൗട്ട് കൊണ്ട് 18 കിലോ ഭാരമാണ് കജോൾ കുറച്ചത്.
പുറത്തു പോകുമ്പോൾ അത്യാവശ്യം മേക്കപ്പ് അണിയും. ബാഗിൽ എപ്പോഴും ലിപ് ബാമും ക്ളെൻസറും കൺമഷിയും കരുതും. കൺ നിറയെ മഷിയെഴുതാനാണ് കജോളിന് പ്രിയം. സൗന്ദര്യ സംരക്ഷണത്തിനു വേണ്ടിയുള്ള ടിപ്പുകളെല്ലാം കജോൾ കൃത്യമായി പരീക്ഷിക്കാറുണ്ട്. ദിവസവും കുറഞ്ഞത് രണ്ടു തവണ മുഖം കഴുകും. പുറത്തു പോകുമ്പോൾ സൺസ്ക്രീൻ പുരട്ടും.
പ്രാതലിന് ആൽമണ്ട് പൗഡർ ചേർത്ത ധാന്യങ്ങളാണ് പ്രധാന ഭക്ഷണം. ഇതോടൊപ്പം ബ്ളാക്ക് കോഫിയും ഉണ്ട്. ഉച്ചയൂണിന് ആൽമണ്ട് കൊത്തിയരിഞ്ഞിട്ട റൈത്ത, യോഗർട്ട്. ഒരു ദിവസം മുഴുവൻ വേണ്ട എനർജി ഇതിൽ നിന്നും ലഭിക്കും.
പകുതി വേവിച്ച പച്ചക്കറികളോ ഫ്രഷ് പഴവർഗങ്ങളോ മതി അത്താഴത്തിന്. ഇടവേളയിൽ കൊറിക്കുന്ന സ്വഭാവം തീരെയില്ല. പിന്നെ മുഖത്തുവിരിയുന്ന പുഞ്ചിരി നൽകുന്ന പോസിറ്റിവിറ്റി വളരെ വലുതാണ്.