തിരുവനന്തപുരം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കോളേജ് വിദ്യാഭ്യാസ അഡി. ഡയറക്ടർക്കൊപ്പം വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനെത്തിയ മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥനെ യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി നിയമിക്കാൻ നീക്കം. പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ചോദ്യപ്പേപ്പർ ചോർന്നത് യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഒരു ഭരണകക്ഷി യൂണിയനിലെ പ്രമുഖ നേതാവ് കൂടിയായ ഉദ്യോഗസ്ഥനെ കോളേജിലെ സുപ്രധാന തസ്തികയിലേക്ക് നിയമിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സുപ്രധാന തസ്തികയിൽ ജോലി ചെയ്തിരുന്ന ഈ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തെ തുടർന്ന് ഗവ. ലോ കോളേിൽ അഡിമിനിസ്ട്രേറ്രീവ് അസിസ്റ്റന്റായി നിയമിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും പിന്നീടത് യൂണിവേഴ്സിറ്രി കോളേജിലേക്ക് മാറ്റുകയായിരുന്നുവത്രേ.
പൊലീസ് കോൺസ്റ്രബിൾ പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോളേജിലെ ചില ജീവനക്കാർ വഴിയാണ് ചോദ്യപേപ്പർ ചോർന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതിനിടെ ഒരു സംഘടനാ നേതാവിനെതന്നെ കോളേജിലെ സുപ്രധാന തസ്തികയിൽ നിയമിക്കുന്നത് വിവാദമാകാൻ ഇടയുണ്ട്.
വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുമ്പോൾ കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം മറ്റ് കോളേജിലെ അദ്ധ്യാപകരെയാണ് സാധാരണ കമ്മിഷൻ അംഗങ്ങളായി നിയോഗിക്കുന്നത്. അഡ്മിനിസ്ട്രേഷൻ ചുമതല മാത്രമുള്ള മിനിസ്റ്റീരിയൽ ജീവനക്കാരെ ഇത്തരം കാര്യങ്ങൾക്ക് ചുമതപ്പെടുത്താറില്ല. ഈ പതിവ് തെറ്രിച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അഡി. ഡയറക്ടർക്കൊപ്പം ഈ ഉദ്യോഗസ്ഥനും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തെ തുടർന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഹരിതാ വി. കുമാർ ശക്തമായ റിപ്പോർട്ടാണ് തയാറാക്കിയത്. ഇതേതുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറി മാറ്റിയെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, പിന്നീട് അത് ശരിയല്ലെന്ന് തെളിഞ്ഞു. കോളേജിലെ കത്തിക്കുത്ത് കേസ് വലിയ വിവാദമായതിനെ തുടർന്നാണ് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കിയത്.
എസ്.എഫ്.ഐ പ്രവർത്തകനായ അഖിലിനെ കുത്തിയ കേസിൽ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവകലാശാല ഉത്തരക്കടലാസ് കിട്ടിയ സംഭവത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ ഏതാനും ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ കോളേജ് വിദ്യാഭ്യാസ അഡി. ഡയറ്കടർ നിർദ്ദേശിച്ചെങ്കിലും ചില സംഘടനാ നേതാക്കൾ ഇടപെട്ട് ഇത് സ്ഥലംമാറ്രം മാത്രമാക്കിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. കത്തിക്കുത്ത് കേസിലെ പ്രതികൾക്ക് പൊലീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിനെക്കുറിച്ചുള്ള പി.എസ്.സി അന്വേഷണമാണ് ഇതിൽ ക്രമക്കേട് നടന്നു എന്ന സ്ഥീരീകരണത്തിലേക്ക് എത്തിയത്. ഈ വിഷയവും ഉത്തരക്കടലാസ് വിഷയവുമൊക്കെ വിശദമായ അന്വേഷണ ഘട്ടത്തിൽ നിൽക്കെ ഭരണകക്ഷി സംഘടനയിൽപെട്ട ഒരു നേതാവിനെ യൂണിവേഴ്സിറ്റി കോളേജിലെ സുപ്രധാന തസ്തികയിൽ നിയമിക്കാനുള്ള നീക്കം വരുംദിവസങ്ങളിൽ വിവാദങ്ങളിലേക്ക് നീങ്ങിയേക്കാം.