ബാലരാമപുരം: ബാലരാമപുരം താന്നിവിള റെയിൽവേ ടണലിന് സമീപം ട്രാക്കിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ 3 നായിരുന്നു സംഭവം. കനത്തമഴയെ തുടർന്ന് ടണലിന് സമീപത്തെ കുന്നിൽ പ്രദേശത്ത് നിന്നും മണ്ണിടിഞ്ഞ് റൺവേയിലേക്ക് പതിക്കുകയായിരുന്നു. ബാലരാമപുരം സിഗ്നൽ പോസ്റ്രിൽ നിന്നും 800 മീറ്റർ അകലെയാണ് മണ്ണിടിഞ്ഞ് വീണത്. ഈ സമയം നാഗർകോവിൽ -മാംഗ്ലൂർ എക്‌സ്‌പ്രസ് ബാലരാമപുരം സിഗ്നൽ കടന്നുവരികയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് അപകടം ഒഴിവായി. മണ്ണിടിഞ്ഞ് വീണത് 100 മീറ്റർ അകലെ നിന്നും ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വേഗത കുറച്ച് റെയിൽവേ ടണലിൽ നിന്നും 50 മീറ്റർ അകലെ ട്രെയിൻ നിറുത്തുകയായിരുന്നു. തുടർന്ന് പൈലറ്റ് തിരുവനന്തപുരം ഡിവിഷനിലെ സതേൺ റെയിൽവേ അധികൃതരെയും ബാലരാമപുരം സിഗ്നൽ പോസ്റ്റിലെ ഗേറ്റ് കീപ്പറെയും റൺവേയിലെ അപകടസ്ഥിതി വിളിച്ചറിയിച്ചു. റെയിൽവെ തൊഴിലാളികളുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണ് ഭാഗികമായി നീക്കംചെയ്തു. ഇതിനുശേഷമാണ് മാംഗ്ലൂർ എക്സ്‌പ്രസ് കടന്നുപോയത്. ശക്തമായ മഴ പെയ്തതിനാൽ അപകടം പരിസരത്തുള്ളവർക്കും അറിയാനായില്ല. പുലർച്ചെ മഴപെയ്തപ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു.
ചെളിക്കെട്ടായതിനാൽ ട്രോളി എത്തിച്ച് അമ്പതോളം തൊഴിലാളികളുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്തത്. മണ്ണ് നീക്കുന്നതിനിടെ ബാലരാമപുരം സിഗ്നൽ പോസ്റ്റിലെ ഗേറ്റ് കീപ്പർ ട്രെയിൻവരുന്ന വിവരം സംബന്ധിച്ച അറിയിപ്പ് തൊഴിലാളികൾക്ക് കൈമാറുന്നുണ്ടായിരുന്നു. മണ്ണ് നിറച്ച ചാക്കുകൾ അടുക്കിയാണ് ഇടിഞ്ഞ ഭാഗത്ത് തടയണയൊരുക്കിയിരിക്കുന്നത്. എന്നാൽ ടണലിനോട് ചേർന്ന് കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചില്ലെങ്കിൽ കൂടുതൽ അപകടം ഉണ്ടായേക്കുമെന്നാണ് നാട്ടുകാർ നൽകുന്ന മുന്നറിയിപ്പ്.