വിഴിഞ്ഞം: കൊടുമ്പിരികയറിയ കാലവർഷം പനത്തുറ നിവാസികളെ ഭീതിയിലാഴ്ത്തുകയാണ്. കടൽ തകർത്ത കടൽഭിത്തി ഇവരുടെ ഭീതി വർദ്ധിപ്പിക്കുന്നു. ഇവിടെ സ്ഥാപിച്ച രണ്ട് പുലിമുട്ടുകളും കടൽ കവർന്നു കഴിഞ്ഞു. പ്രദേശത്ത് കടലാക്രമണം രൂക്ഷമായതോടെ വീടുകൾ തകർച്ചാഭീഷണിയിലാണ്. കഴിഞ്ഞ ജൂൺ12നുണ്ടായ കടലാക്രമണത്തിൽ സംരക്ഷണ ഭിത്തിയിലെ പാറകൾ ഇളകി തെറിച്ചിരുന്നു. ജൂണിലെ കടൽക്ഷോഭത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടവും സംഭവിച്ചിരുന്നു. നിരവധി വീടുകളുടെചുവരുകളും മേൽക്കൂരയും തകർന്നു. ഏതു സമയവും നിലംപൊത്താവുന്ന വീട്ടിൽ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണ്. പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും സമീപത്തെ മുസ്ലിം പള്ളിയും തിരയടി ഭീഷണിയിലാണ്. സംരക്ഷണഭിത്തിയും കഴിഞ്ഞുള്ള ശക്തമായ തിരകാരണം പ്രദേശവാസികൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. വർഷങ്ങൾക്കു മുൻപേ ഗേബിയോൺ വലകൾ ഉപയോഗിച്ച് നൂതന രീതിയിലുള്ള കരിങ്കൽ ഭിത്തി ഭാഗികമായി നിർമിച്ചെങ്കിലും യഥാസമയം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇവിടെ പുലിമുട്ട് നിർമ്മിക്കണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്
ഇവിടെ 10 പുലിമുട്ടുകൾ നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും അത് കാര്യക്ഷമമായില്ല. 25 ഉം 35 ഉം മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചവ അറ്റകുറ്റപ്പണിയില്ലാതെ മുക്കാൽ ഭാഗവും തകർന്നു. ഇപ്പോൾ തിരയടി ശക്തമാണ്. ഇതുകൊണ്ടുതന്നെ ഈ പുലിമുട്ടുകൾ തകർത്ത് തിര കരയിലേക്കടിക്കുമെന്ന ഭീതിയിലാണ് പനത്തുറ നിവാസികൾ.
തിരയടി കാരണം തീരത്തിനോടടുത്ത റോഡും തകർന്നു തുടങ്ങി. തീരത്തോട് ചേർന്ന 250ഓളം വീടുകൾ തകർച്ചാ ഭീഷണിയിലാണ്.
കടൽ സംരക്ഷണഭിത്തിയുടെ അടിത്തറയിലെ ചെറിയ പാറകൾ കടൽത്തിരയിൽ ഒലിച്ചുപോയി. മുകളിൽ നിക്ഷേപിച്ചിരിക്കുന്ന വലിയ പാറകൾ ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്.
--- പനത്തുറ നിവാസികൾ
കടലാക്രമണ ഭീതി ഇവിടെ: പനത്തുറയിലെ തോട്ടുമുക്ക് മുതൽ വിളാകം വരെ.