ഒരു വീട്ടമ്മ കാണാൻ വന്നിരിക്കുന്നു. കാഴ്ചയിൽ സംതൃപ്‌തമായ മുഖമാണ്. എന്താണ് വരവിന്റെ ഉദ്ദേശ്യമെന്നന്വേഷിച്ചു.
''സ്വാമി എഴുതുന്നതൊക്കെ വായിക്കുന്നുണ്ട്. വളരെക്കാലമായി വിചാരിക്കുന്നുണ്ടായിരുന്നു, നേരിട്ടൊന്നു കാണണമെന്ന്. ഇന്ന് അതിനുള്ള അവസരം ഒത്തുവന്നു. വർക്കല എസ്.എൻ. കോളേജിൽ ഡിഗ്രിക്കു ഒന്നിച്ചു പഠിച്ചിരുന്നവരെല്ലാം ഇന്ന് വീണ്ടും ഒന്നിച്ചുകൂടുന്നുണ്ട്. അതിനുവേണ്ടി വന്നതാണ്. വയസ് 21, 22 ഒക്കെയുള്ളപ്പോൾ തമ്മിൽ കണ്ടിരുന്നവരാണ്. ഇപ്പോൾ മുത്തശ്ശിമാരായിത്തീർന്നിട്ട് തമ്മിൽ കാണുമ്പോൾ എങ്ങനെ തിരിച്ചറിയും എന്നറിഞ്ഞുകൂടാ."
''മറ്റൊന്നും പറയാനില്ല?"
''ഇല്ലെന്നില്ല."
''എന്താണു കാര്യം?"
''എന്റെ ജീവിതം ഒറ്റപ്പെട്ടവളെന്ന നിലയിലാണ്. ഭർത്താവുണ്ട്, വിഷാദരോഗിയാണ്. മരുന്നു കഴിക്കുന്നുണ്ട്. മക്കൾ നല്ലവരാണ്. നല്ല നിലയിൽ കഴിയുന്നു."
''അപ്പോൾ എന്താണ് പ്രശ്നം?"
''ഞാൻ കുട്ടിക്കാലം മുതലേ ഒരു പ്രത്യേക പ്രകൃതക്കാരിയായിരുന്നു. കൗമാരപ്രായത്തിൽ പൂക്കളോടും, ഇലത്തുമ്പിൽ തങ്ങിയിരിക്കുന്ന മഞ്ഞുകണങ്ങളോടും ഒക്കെ സല്ലപിച്ചു നടക്കുന്ന സ്വഭാവക്കാരിയായിരുന്നു. വീട്ടിലെ മറ്റുള്ളവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്തോ മനോവൈകല്യം ഉള്ളവളെന്ന നിലയിൽ അവരെല്ലാം എന്നെ ഒറ്റപ്പെടുത്തി കണ്ടു. അങ്ങനെയാണ് ഞാൻ വളർന്നത്.
''വളരെ ചെറുപ്പത്തിൽ വിവേകാനന്ദ സാഹിത്യവുമായി പരിചയപ്പെട്ടു. അതെനിക്കു വളരെ ഇഷ്ടപ്പെട്ടു. എന്നാൽ ഞാൻ ജനിച്ചത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ്. ഈശ്വരപ്രാർത്ഥനയോ അതുപോലുള്ള കാര്യങ്ങളോ ഒന്നും വീട്ടിലില്ല. ഞാൻ പ്രാർത്ഥിക്കുമായിരുന്നു, കുളിമുറിയിൽ കയറിയിരുന്ന്.
''ഒൻപതു സഹോദരങ്ങൾ. അവരെല്ലാം എന്നിൽ നിന്ന് അകലം പാലിച്ചു. ഒരു കുടുംബത്തിൽ പെട്ടവൾ എന്ന നിലയിൽ എന്റെ സ്വധർമ്മം നിർവഹിക്കാൻ കഴിയുന്നില്ല എന്നൊരു തോന്നൽ."
ഞാൻ പറഞ്ഞു,
''ഓരോരുത്തർക്കുമില്ലേ അവരവരുടേതായ വ്യക്തിത്വം? ആ വ്യക്തിത്വത്തിനു ചേരുന്ന കാര്യങ്ങൾ ചെയ്‌തുകൊണ്ട് ജീവിക്കുന്നതാണ് സ്വധർമ്മനിർവഹണം. ആ സ്വധർമ്മനിർവഹണത്തിൽ ആത്മസംതൃപ്‌തിയുണ്ടാവും.
''മറ്റുള്ളവരുടെ അംഗീകാരം പിടിച്ചുപറ്റാനോ അവരെ തൃപ്‌തിപ്പെടുത്താനോ ചെയ്യുന്ന കാര്യങ്ങളല്ല സ്വധർമ്മം. അങ്ങനെ ചെയ്യുന്ന കാര്യങ്ങൾ സ്വന്തം വ്യക്തിത്വത്തിനു ചേരാത്തതായിരിക്കും. അത് ആത്മപീഡനമായി മാറും.
''അവരവരുടെ വ്യക്തിത്വത്തെ മാനിച്ചുകൊണ്ട് ജീവിക്കുന്നവർ എപ്പോഴും ഒറ്റപ്പെട്ടവരായിരിക്കും. അങ്ങനെ ഒറ്റപ്പെട്ടവരായി ജീവിക്കുന്നതാണ് നല്ലത്. നമ്മൾ ജനിക്കുന്നത് ഒറ്റയ്‌ക്കാണ്, ആരുടെയും കൂടെയല്ല. മരിക്കുന്നതും അതുപോലെതന്നെ. രണ്ടിനുമിടയിലുള്ള ജീവിതവും ഒറ്റപ്പെട്ടതായിരുന്നാൽ പോരേ? 'തനിയെയിരിപ്പതിനേ തരമായ് വരൂ" എന്നല്ലേ നാരായണഗുരുവും പറഞ്ഞിരിക്കുന്നത്?"