ഗോഹട്ടി: സോനു എന്ന് വിളിക്കുന്ന സൽമാൻ ഖാനെ കഴിഞ്ഞ തിങ്കളാഴ്ചമുതൽ കാണാനില്ല. കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10,000 രൂപ സമ്മാനം തരും. സോറി, ബോളിവുഡ് താരം സൽമാൻഖാനെക്കുറിച്ചല്ല ഇൗ പറഞ്ഞത്. ഒരു ആടിനെക്കുറിച്ചാണ്. ആസാമിലെ ടിൻസുകിയ ജില്ലയിലെ ഡൂംഡുമയിൽ നിന്നുള്ള നസീം മൻസൂരി വളർത്തുന്ന ആടാണ് സൽമാൻഖാൻ. മകനയപ്പോലെയല്ല സ്വന്തം സഹോദരനെപ്പോലെയാണ് നസീമിന് ഇൗ ആട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഹോദരനെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് നസീം പ്രഖ്യാപിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ആടിനെ കണാതായത്. കഴിഞ്ഞ രണ്ട് വർഷമായി ആട് കുടുബത്തോടൊപ്പമുണ്ട്. അതിനായി പ്രത്യേക മുറിവരെ കുടുംബം ഏർപ്പെടുത്തിയിട്ടുണ്ട്. നല്ല അനുസരണാശീലവുമുണ്ട്.
ആടിനെ നഷ്ടപ്പെട്ടതോടെ കുടുംബാംഗങ്ങൾ ആകെ ദുഃഖത്തിലാണ്. ആഹാരവും ഉപേക്ഷിച്ചു. ആടിനെ തിരിച്ചുകിട്ടിയാലേ പഴയതുപോലെ തങ്ങൾക്ക് ആഹാരം കഴിക്കാനാവൂ എന്നാണ് നസീം പറയുന്നത്.
ആടിനെ കള്ളന്മാർ തട്ടിയെടുത്ത് അറവുകാർക്ക് വിറ്റോ എന്നാണ് നസീമിന്റെ പ്രധാന സംശയം. ആടിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് നസീം പ്രാദേശിക അറവുകാരെയും സമീപിച്ചിട്ടുണ്ട്. അവർ സഹായിക്കമെന്ന് വാക്കുകൊടുത്തിട്ടുണ്ട്. നസീമിന്റെ പരാതിയിൽ പൊലീസും അന്വേഷണം ആരംഭിച്ചു.