പത്ത് ലക്ഷത്തിലധികം വരുന്ന ബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം കാലഹരണപ്പെട്ടത് 2017 ഒക്‌ടോബർ 31 നായിരുന്നു. ആയിരുന്നു. 21 മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഒന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്ത്, അനവധി ഉഭയകക്ഷി ചർച്ചകൾ നടന്നെങ്കിലും, പണിമുടക്ക് മൂലം, കുറേയേറെ ദിവസങ്ങളിലെ ശമ്പളം പോയിക്കിട്ടിയത് മാത്രമാണ് മിച്ചം.
2015ലെ ശമ്പളപരിഷ്‌കരണത്തിൽ 30 ശതമാനം വർദ്ധന ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് വെറും 12.50 ശതമാനം മാത്രമായിരുന്നു. അതേസമയം, ഏഴാം ശമ്പളപരിഷ്‌കരണത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക്, പണിമുടക്കോ, പ്രക്ഷോഭമോ കൂടാതെ തന്നെ നടപ്പാക്കിക്കിട്ടിയത് 40 ശതമാനം ശമ്പള വർദ്ധനവായിരുന്നു!
നോട്ടുനിരോധനം, ജി.എസ്.ടി, ഫിനാൻഷ്യൽ ഇൻക്ളൂഷൻ, എല്ലാ വീട്ടിലും സീറോ ബാലൻസ് അക്കൗണ്ട് തുറക്കൽ, ഗ്യാസ് സബ്‌സിഡി, ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യൽ, ചുരുങ്ങിയ പലിശയിലുള്ള കാർഷിക ലോൺ, മുദ്രാ ലോൺ, വിദ്യാഭ്യാസ ലോൺ, ഹൗസിംഗ് ലോൺ, ലോക്കർ ഇടപാട്, പ്രധാനമന്ത്രിയുടെ വിവിധയിനം ഇൻഷ്വറൻസ് പരിരക്ഷകളും ആക്സിഡന്റ് പോളിസികളും, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് മുതലായ ഓൺലൈൻ മണി ട്രാൻസ്‌ഫറുകൾ, പാരാബാങ്കിംഗ് തുടങ്ങി കടുത്ത ജോലിഭാരമാണ് ജീവനക്കാർ അനുഭവിക്കുന്നത്.
എൺപതുകളുടെ തുടക്കത്തിൽ, മാസ് റിക്രൂട്ട്‌മെന്റ് നടത്തി, ബി.എസ്.ആർ.ബിയിലൂടെ, ബാങ്ക് ജോലിയിൽ പ്രവേശിച്ച, ലക്ഷക്കണക്കിന് ജീവനക്കാരിൽ, 90 ശതമാനവും കഴിഞ്ഞ വർഷവും ഈ വർഷവുമായി പിരിഞ്ഞുപൊകുന്നു. പുതിയ റിക്രൂട്ട്‌മെന്റ് നടത്താത്തത് നിലവിലെ ജീവനക്കാർക്ക്, ജോലിഭാരം കൂട്ടിയിരിക്കുകയാണ്.
റിസർവ് ബാങ്കിന്റെയും, കേന്ദ്ര ധനകാര്യവകുപ്പിന്റെയും പുതിയ സാമ്പത്തിക സംരംഭങ്ങളും പരിഷ്‌കാരങ്ങളും പൊതുജനങ്ങളിലേയ്ക്കെത്തിക്കുന്നതും, പൊതുമേഖലാ ബാങ്കുകൾ മുഖാന്തരം മാത്രമാണെന്നിരിക്കെ, ഈ കടുത്ത അവഗണന പ്രതിഷേധാർഹമാണ് .
.
വി.ജി. പുഷ്‌ക്കിൻ
റിട്ടയേഡ് സീനിയർ മാനേജർ
ഇന്ത്യൻ ഓവർസീസ് ബാങ്ക്
തിരുവനന്തപുരം
ഫോൺ : 9446419893