നെയ്യാറ്റിൻകര : വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനം അട്ടിമറിക്കുന്നതായി ആരോപിച്ച് യുവമോർച്ച പ്രവർത്തകർ ഹെൽത്ത് സെന്ററിലേക്ക് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എം.പി കഴിഞ്ഞ മാർച്ചിൽ ഹോസ്പിറ്റലിന് നൽകിയ അത്യാധുനിക സംവിധാനമുള്ള ആംബുലൻസ് ഇതുവരെ നിരത്തിൽ ഇറക്കിയിട്ടില്ല. 7.5 കോടി രൂപ ചെലവിട്ട ഹോസ്പിറ്റൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. ബ്ലോക്ക് ഭരിക്കുന്ന കോൺഗ്രസും സംസ്ഥാന സർക്കാരും തീരദേശ കമ്മ്യൂണിറ്റി ഹോസ്പിറ്റലിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രവർത്തകർ ആക്ഷേപം ഉന്നയിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, മണ്ഡലം പ്രസിഡന്റ് കട്ടച്ചക്കുഴി രാധാകൃഷ്ണൻ, ലീഗൽ സെൽ കൺവീനർ രാജ്മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല എന്നിവർ സംസാരിച്ചു. മാർച്ചിന് കോട്ടുകാൽ ഗോപൻ, പി.ആർ അരുൺ, മെമ്പർമാരായ ലാലൻ, ജയകുമാരി ലത, സുലേഖ, വിഷ്ണു, അനൂപ് എന്നിവർ നേതൃത്വം നൽകി.