kerala-flood-landslide
kerala flood landslide

തിരുവനന്തപുരം : കാലവർഷം ശക്തിപ്പെട്ടതിനെത്തുടർന്ന് രണ്ട് ദിവസത്തിനകം എട്ട് ജില്ലകളിലായി എൺപതോളം ഉരുൾപൊട്ടലുകൾ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തി.

പ്രളയദുരന്തത്തെ നേരിടാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്നലെ രാവിലെ ഉന്നതതല അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉരുൾപൊട്ടൽ വൻതോതിലുണ്ടാവുന്നു എന്നതാണ് ഇത്തവണത്തെ കാലവർഷക്കെടുതിയുടെ പ്രത്യേകത. അതിന്റെ ഫലമായി വീടുകളും സ്ഥാപനങ്ങളും ജനങ്ങളും ഓർക്കാപ്പുറത്ത് അപകടത്തിലാവുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് മിക്ക അപകടങ്ങളും. ഇത് കണക്കിലെടുത്ത് കാലവർഷം ശക്തിപ്പെട്ട ജില്ലകളിലെല്ലാം സമഗ്രമായ പ്രതിരോധപ്രവർത്തനങ്ങളാണ് നടക്കുന്നത്. മലപ്പുറം കവളപ്പാറ ഭൂദാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമുണ്ടായത് എല്ലാറ്റിലും വലിയ അപകടങ്ങളാണ്.

മലപ്പുറം ജില്ലയിലെ വാണിയമ്പുഴ മുണ്ടേലി ഭാഗത്ത് ഇരുനൂറോളം കുടുംബങ്ങളും ഏതാനും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങിപ്പോയിട്ടുണ്ട്. അവിടെ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹെലികോപ്റ്റർ ഉപയോഗിച്ച് ഭക്ഷണമെത്തിക്കാനും രക്ഷാപ്രവർത്തനം നടത്താനും ശ്രമിക്കുകയാണ്. പുഴയിലെ ഒഴുക്ക് ശക്തമായതിനാൽ അങ്ങോട്ട് ചെന്നെത്താനാകുന്നില്ല. രക്ഷാപ്രവർത്തനത്തിന് പൊലീസും ഫയർഫോഴ്സും കേന്ദ്രസേനയും ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ സജീവമായി. മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ പ്രളയകാലത്തെ പോലെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിക്കഴിഞ്ഞു. യുവാക്കളും തൊഴിലാളികളും മറ്റെല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി ഇറങ്ങുന്നതും ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മവിശ്വാസം നൽകുന്നു.

ബൈജുവിന്റെ വിയോഗത്തിൽ അനുശോചനം

രക്ഷാദൗത്യത്തിനിടെ മരിച്ച കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ ബൈജുവിന്റെ വിയോഗത്തിൽ അവലോകനയോഗം അനുശോചിച്ചു. സ്വന്തം ജീവൻ മറന്നാണ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ സജീവമായിരിക്കുന്നത്. അർപ്പണബോധമുള്ള ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ ഇടപെടലാണ് നമ്മുടെ കരുത്ത്. ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ സംവിധാനങ്ങളെയും അണിനിരത്തിയുള്ള ജനകീയ ഇടപെടലാണ് ഇതുവരെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.