pinarayi-vijayan

തിരുവനന്തപുരം: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിൽ എല്ലാവരും മുഴുകി നിൽക്കുമ്പോൾ അതിന് വിരുദ്ധമായി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നാടിന്റെ ദുരിതങ്ങളിൽ ഭാഗഭാക്കാവാതെ പ്രശ്നങ്ങളെ സങ്കീർണമാക്കുന്നവരെ കണ്ടെത്താനും ഒറ്റപ്പെടുത്താനുമാവണം.

ഡാമുകളെല്ലാം തുറന്നുവിടുകയാണെന്നും വമ്പിച്ച പ്രളയക്കെടുതിയിലാണ് കേരളമെത്തിച്ചേരുന്നതെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. കഴിഞ്ഞ വർഷത്തെ അനുഭവമുള്ള ജനങ്ങൾക്ക് മുന്നിൽ ഇത് പ്രചരിപ്പിച്ച് വീണ്ടും ആശങ്ക പരത്തുകയാണ്. പെട്രോൾ പമ്പുകളാകെ അടയുന്നു, പെട്രോളും ഡീസലും കിട്ടാനില്ല എന്നതാണ് മറ്റൊരു പ്രചാരണം. ഇത്തരം നീക്കങ്ങളെ ഗൗരവമായി കണ്ട് തടയും. ഇന്ധനക്ഷാമം സംസ്ഥാനത്തെവിടെയുമില്ല. വയനാട്ടിൽ പോലും മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ട്. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായത്തോടെ ഇന്ധനമെത്തിക്കും.

സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കരുത്

പൊതു അവധി ദിവസങ്ങളായ ഇന്നും നാളെയും സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും കർമ്മരംഗത്തുണ്ടാവണം. ബന്ധപ്പെട്ട എല്ലാ ശ്രേണിയിലുമുള്ള ഉദ്യോഗസ്ഥർക്ക് ചുമതല നിശ്ചയിച്ചു നൽകാനും എല്ലാ വകുപ്പുകളിലും ഓഫീസുകളിലും ഉദ്യോഗസ്ഥർക്ക് പുറമേ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാനും ഉത്തരവായി. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻമാരായ കളക്ടർമാരുടെ ആവശ്യാനുസരണം ഈ സൗകര്യങ്ങൾ ഉറപ്പാക്കും.

സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം

പൊലീസും ആർമിയും ഫയർഫോഴ്സും ജില്ലാ ഭരണാധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ സുരക്ഷയെ കരുതി പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ നിർദ്ദേശങ്ങൾ അവഗണിച്ച് വീടുകളിൽ നിന്നിറങ്ങാത്ത സാഹചര്യമുണ്ടെന്ന് മനസിലാക്കുന്നു. അത് അപകടം വരുത്തിവയ്ക്കും. ഇക്കാര്യത്തിൽ ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ജാഗ്രത പാലിക്കണം.

റെയിൽ പാലങ്ങൾ പുനഃസ്ഥാപിക്കും

ഷൊർണൂർ- പാലക്കാട് റൂട്ടിലും ഷൊർണൂരിൽ നിന്ന് വടക്കോട്ടും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചില പാലങ്ങൾ തകരാറിലായതാണ് പ്രധാന പ്രശ്നം. സേനയുടെ സഹായത്തോടെ ഈ പാലങ്ങൾ അടിയന്തരമായി കേടുപാട് തീർത്ത് ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് തമിഴ്നാട് കോണ്ടൂർ കനാലിൽ അടിയന്തര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കാസർകോട് ജില്ലയിൽ മഴ ശക്തമായ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് പ്രത്യേക ചുമതല നൽകി.